ദേശീയ വോളി: പഞ്ചാബിനെ വീഴ്ത്തി കേരളത്തിന്റെ കുതിപ്പ്

Posted on: January 4, 2019 3:24 pm | Last updated: January 4, 2019 at 3:26 pm

ചെന്നൈ: തുടര്‍ച്ചയായ രണ്ടാം ജയം നേടി ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ കുതിപ്പ്. പുരുഷ വിഭാഗത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളം പഞ്ചാബിനെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അഖിന്‍ ജാസിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരളം പഞ്ചാബിനെ കീഴടക്കിയത്. സ്‌കോര്‍: 25-23, 28-26, 25-23.

കേരളത്തിനായി ജെറോം വിനീത്, സാരംഗ്, ഷോണ്‍ ടി ജോണ്‍, അജിത്ത് ലാല്‍ എന്നിവര്‍ ആക്രമണത്തിലും അഖിന്‍ ജാസ്, ലിബറോ സികെ രതീഷ് എന്നിവര്‍ പ്രതിരോധത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. നാളെ നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ തമിഴ്‌നാട് ആണ് കേരളത്തിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ കര്‍ണാടകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കേരളം തകര്‍ത്തുവിട്ടിരുന്നു.

വനിതാ വിഭാഗത്തിലും കേരളം തുടര്‍ച്ചയായ രണ്ടാം ജയം നേടി. കര്‍ണാടകയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ തെലങ്കാനയെ കേരള വനിതകള്‍ കീഴടക്കിയിരുന്നു.