പുതുവത്സര തലേന്ന് ചികിത്സാസഹായം തേടിയത് 604 പേര്‍

Posted on: January 2, 2019 8:11 pm | Last updated: January 2, 2019 at 8:11 pm

ദുബൈ: ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് (ഡി സി എ എസ്) പുതുവത്സര തലേന്ന് 604 പേര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കിയെന്ന് അധികൃതര്‍. പുതുവത്സര തലേന്ന് ഉച്ചക്ക് രണ്ട് മുതല്‍ പിറ്റേന്ന് വെളുപ്പിന് മൂന്ന് വരെ 604 രോഗികള്‍ക്കാണ് അടിയന്തിര ചികിത്സ നല്‍കിയത്. ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പരിചരണത്തിനായി സഹായം ആവശ്യപ്പെട്ടത്. ഏറിയ പങ്കും ബുര്‍ജ് ഖലീഫയുടെ സമീപ വശത്ത് പുതുവത്സര പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയവരില്‍ നിന്നാണ് സഹായ അഭ്യര്‍ഥന ലഭിച്ചതെന്ന് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ് (ഡി സി എ എസ്) സി ഇ ഒ ഖലീഫ ഹസ്സന്‍ അല്‍ ദറായി പറഞ്ഞു.

അത്യാസന്ന നിലയില്‍ കണ്ടെത്തിയവരെ പ്രാഥമിക ശുസ്രൂഷകള്‍ നല്‍കി അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് എത്തിച്ചിരുന്നു. 113 പേരുടെ നില സാരമുള്ളതായിരുന്നു. 476 പേരെ ചെറിയ പരുക്കുകളോടെയാണ് കണ്ടെത്തിയത്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബൈ ഗ്ലോബല്‍ വില്ലേജ്, അറ്റ്‌ലാന്റിസ്, ബുര്‍ജ് അല്‍ അറബ്, പാം എന്നിവിടങ്ങളില്‍ നിന്നാണ് അടിയന്തിര ചികിത്സക്കായി സഹായ അഭ്യര്‍ഥനകള്‍ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
155 ആംബുലന്‍സുകള്‍, 1,150 ഡോക്ടേഴ്സ്, പാരാമെഡിക്സ്, മെഡിക്കല്‍ സഹായ സംഘങ്ങള്‍ എന്നിവയാണ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി ആംബുലന്‍സ് സംവിധാനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു അടിയന്തിര ചികിത്സ ആവശ്യപ്പെട്ടവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളെ പോലെ മികച്ച രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഒരുക്കിയത് അപടകങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.