ശബരിമല യുവതി പ്രവേശനം: പ്രതിഷേധക്കാര്‍ അഴിഞ്ഞാടി, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

Posted on: January 2, 2019 6:49 pm | Last updated: January 2, 2019 at 10:31 pm

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രതിഷേധം. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇവിടെ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. കാമറ അടിച്ചു തകര്‍ക്കുകയും ചെയ്തു. തങ്ങള്‍ സ്ഥാപിച്ച ഫ്‌ളകസ് ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചതിനെതിരെ സി പി എമ്മുകാര്‍ രംഗത്തെത്തിയതോടെ പരസ്പരം ഏറ്റുമുട്ടലുണ്ടായി. രൂക്ഷമായ കല്ലേറും നടന്നു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ഇതിനിടെ, സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പലയിടങ്ങളിലും കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. എം സി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു.
പാലക്കാട് സുല്‍ത്താന്‍പേട്ടക്കു സമീപം മന്ത്രി എ കെ ബാലന്‍ വിശ്രമിക്കുന്ന കെ എസ് ഇ ബി ഐ ബിക്കു മുന്നിലും അക്രമികളെത്തി. പോലീസിനു നേരെ കല്ലേറും സോഡാകുപ്പിയേറുമുണ്ടായി. നഗരസഭാ കൗണ്‍സിലര്‍ സാബുവിന് കല്ലേറില്‍ പരുക്കേറ്റു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുകയാണ്. തൃശൂരിലും അക്രമ സംഭവങ്ങള്‍ നടന്നു.

കോഴിക്കോട്ട് നഗരത്തില്‍ കേന്ദ്രീകരിച്ച പ്രതിഷേധക്കാര്‍ മാനാഞ്ചിറ സ്‌ക്വയറിനു സമീപവും മറ്റും ടയറുകള്‍ കൂട്ടിയിട്ടു കത്തിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തൃശൂരിലും അക്രമ സംഭവങ്ങള്‍ നടന്നു. അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിനിടെയും വന്‍തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറും നടന്നു.

കൊല്ലത്തും മാധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകള്‍ തകര്‍ത്തു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടര്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ഓഫീസും താഴിട്ടുപൂട്ടി. കാസര്‍കോട്ടും നെയ്യാറ്റിന്‍കരയിലും കൊച്ചിയിലും റോഡ് ഉപരോധിച്ചു. നെയ്യാറ്റിന്‍കരയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ബി ജെ പിക്കാര്‍ കരിങ്കൊടി കെട്ടി.