Connect with us

Kerala

വേളത്തെ ബോംബ് സ്‌ഫോടനം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Published

|

Last Updated

കുറ്റിയാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്‌ഫോടനത്തില്‍ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പറമ്പത്ത് അബ്ദുല്ല മുസലിയാരുടെ വീട്ടുപറമ്പിലാണ് സ്‌ഫോടനം നടന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പറമ്പത്ത് സാലിഹ്(26), പറമ്പത്ത് മലയില്‍ മുനീര്‍(22), കുളങ്ങര ഷംസീര്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സാലിഹിന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടതായും കാലിനും കണ്ണിനും പരുക്കുണ്ടെന്നും പോലീസ് പറഞ്ഞു.

കുറ്റിയാടി സി ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടത്തിയ തിരച്ചിലില്‍ പൊട്ടാത്ത രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. സാലിഹ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി എം, സി പി ഐ ചേരാപുരം ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ സ്ഥിരമായി ബോംബ് നിര്‍മാണവും പരീക്ഷണവും നടന്നു വരികയാണെന്ന് കമ്മിറ്റി ആരോപിച്ചു. ഒരു മാസം മുമ്പ് ഇതിനടുത്ത് നിന്ന് ബോംബ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ മുജീബ്‌റഹ്മാന്‍ ആവശ്യപ്പെട്ടു.

Latest