ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 2, 2019 9:15 am | Last updated: January 2, 2019 at 3:11 pm

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടെ ദര്‍ശനം നടത്തിയത്. യുവതികള്‍ സന്നിധാനത്ത് കൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതികള്‍ക്ക് സുരക്ഷയൊരുക്കിയതായി പോലീസും അറിയിച്ചു. പോലീസ് സംരക്ഷണത്തിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, പ്രതിഷേധമൊന്നും ഉണ്ടായില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്തെത്തിയതെന്നും സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനം നടത്താന്‍ എത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. തങ്ങള്‍ ഇനിയും വരുമെന്നും പോലീസിന്റെ സുരക്ഷ ലഭിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ സുരക്ഷയൊരുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയത് വസ്തുകയാണെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെയും അവര്‍ ശബരിമലയില്‍ പോയിരുന്നു. എന്നാല്‍, തടസ്സങ്ങള്‍ ഉണ്ടായത് കൊണ്ട് കയറാന്‍ പറ്റിയിരുന്നില്ല. ഇത്തവണ തടസ്സങ്ങളുണ്ടായിട്ടുണ്ടാകില്ല. ദര്‍ശനം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പോലീസ് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരമല നട അടച്ച് പരിഹാരക്രിയ തുടങ്ങി. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. തിരുമുറ്റത്തുനിന്ന് ഭക്തരെ മാറ്റി.