സ്ത്രീകള്‍ ശബരിമലയിലേക്ക് വരേണ്ടെന്ന് പറയാന്‍ ഒരു മന്ത്രിക്കും കഴിയില്ല: മുഖ്യമന്ത്രി

Posted on: December 31, 2018 12:42 pm | Last updated: December 31, 2018 at 3:09 pm

തിരുവനന്തപുരം: സ്ത്രീകള്‍ ശബരിമലയിലേക്കു വരേണ്ടതില്ലെന്നു പറയാന്‍ ഒരു മന്ത്രിക്കും കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എതു മാര്‍ഗത്തിലൂടെയും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുക എന്നതു സര്‍ക്കാരിന്റെ നിലപാടല്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശബരിമലയില്‍ പോലീസിനുള്ള പരിമിതി ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

എതിര്‍പ്പ് മറികടന്നു പോകാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. അതാണു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാലാണു യുവതികള്‍ ശബരിമലയില്‍ കയറാത്തതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഏതു മന്ത്രിയും സര്‍ക്കാറിന്റെ നിലപാടേ പറയാന്‍ പാടുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു സംഘടനക്കും നടപടിയെടുക്കാന്‍ കഴിയില്ല. നവോത്ഥാന വിരുദ്ധരായി മാറാന്‍ സംഘടനകള്‍ക്കു കഴിയില്ല. ആ സംഘടനയില്‍നിന്നുള്ളവരും വനിതാ മതിലില്‍ ഉണ്ടാകും. പ്രളയ ദുരിതാശ്വാസത്തില്‍ വീഴ്ച വന്നെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ല.പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത് 13,311 വീടുകളാണ്. ഇതില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ സ്വന്തമായി വീടു നിര്‍മിക്കാന്‍ തയാറായ 8,881 കുടുംബങ്ങളുണ്ട്. ഇതില്‍ 6,546 പേര്‍ക്ക് ഒന്നാംഗഡു പണം കൈമാറി. ബാക്കിയുള്ളവര്‍ക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു നല്‍കും. പൂര്‍ണമായി തകര്‍ന്ന 2,000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള വീടുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.