പ്രവാസലോകത്തെ അവസരങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്ത് ഗ്ലോബല്‍ മലയാളി മീറ്റ്

Posted on: December 30, 2018 8:47 pm | Last updated: December 30, 2018 at 9:53 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബല്‍ മലയാളി മീറ്റ് വിദേശരാജ്യങ്ങളിലെ പുതിയ അവസരങ്ങളും സാധ്യതകളും തുറന്നുകാട്ടുന്നതായി. പ്രവാസലോകത്തെ ജോലിസാധ്യതകളും അതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ച പരിപാടി പതിറ്റാണ്ടുകളുടെ പ്രവാസ ചരിത്രം അയിവിറക്കുന്നതായിരുന്നു. രാജ്യത്തിന്റെ സര്‍വ മേഖലകളിലേയും വികസനത്തിലും വിപ്ലവത്തിലും പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും പരിപാടി ഓര്‍മിപ്പിച്ചു. ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും നാള്‍ക്കുനാള്‍ കുതിച്ചുയരുന്ന വിമാനയാത്രാ നിരക്ക് കുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ നൗഫല്‍ കോഡൂര്‍, സൈഫുള്ള നിസാമി, ഡോ. ഹാമിദ് ഹുസൈന്‍ വിഷയം അവതരിപ്പിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം, ഹബീബ് കോയ തങ്ങള്‍ ജിദ്ദ, ഹുസൈന്‍ നൈബാരി, മുസ്ത്വഫ ദാരിമി അബൂദബി, എസ് പി ഹംസ സഖാഫി കര്‍ണാടക, ബീരാന്‍ മുസ് ലിയാര്‍ മുതുവല്ലൂര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂബക്കര്‍ അസ്ഹരി അബൂദാബി, മൂസ ഹാജി ഖത്തര്‍, ഉമര്‍ ഹാജി മത്ര, ഉസ്മാന്‍ ഹാജി താനാളൂര്‍, അലവി ഹാജി കുവൈത്ത്, അബ്ദുസലാം പാണ്ടിക്കാട്, ബശീര്‍ ഹാജി ബഹ്‌റൈന്‍, മുഹമ്മദ് നെല്ലിക്കുത്ത്, കബീര്‍ ഷര്‍ജ, ഏനിഹാജി ബുറൈദ സംബന്ധിച്ചു. പ്രവാസ ലോകത്തെ വിവിധ പ്രാസ്ഥാനിക സംഘടനകളെ പ്രതിനിധാനം ചെയ്ത് നേതാക്കള്‍ സംസാരിച്ചു. ശരീഫ് കാരശ്ശേരി സ്വാഗതവും അബ്ദുസ്സലാം പാണ്ടിക്കാട് നന്ദിയും പറഞ്ഞു.