ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

Posted on: December 30, 2018 9:13 pm | Last updated: December 31, 2018 at 1:07 am

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ നടന്ന മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസിനിയത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിന് പൊതുവിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുന്നതോടൊപ്പം ആധുനിക കോഴ്‌സുകള്‍ കൂടുതലായി വ്യാപിപ്പിക്കണം. നവോത്ഥാനപരമായ ആശയങ്ങളും കാഴ്ചപ്പാടുകളും പുതിയ തലമുറയില്‍ എത്തിക്കുന്നതിനുളള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന് എല്ലാ മേഖലകളിലും പുരോഗതിയുണ്ടാകണം. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വകാര്യ സംരംഭകരുടെ മൂലധന നിക്ഷേപവും പശ്ചാതല സൗകര്യവും അനിവാര്യമാണ്. പ്രവാസികളുടെ സഹായങ്ങള്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കൂടി വേണം.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ഇസ്‌ലാമിന്റെ സംഭാവന മഹത്തരമാണ്. ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയും ലൈബ്രറിയും. അറേബ്യയുടെ വികസനത്തിന് ഇസ്ലാം മുന്നോട്ട് വെച്ച നവോത്ഥാന ആശയങ്ങള്‍ സഹായിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ വെവിധ്യമാര്‍ന്ന പടവുകള്‍ കയറാന്‍ സഹായിക്കുന്ന മഅദിന്‍്് അക്കാദമിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ലോകത്തിന്റെ വിവിധ വൈജ്ഞാനിക മേഖലകളെ ഉള്‍കൊണ്ടാണ് മഅ്ദിന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.