മുത്വലാഖ് ബില്‍; പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി

Posted on: December 30, 2018 8:06 pm | Last updated: December 30, 2018 at 8:06 pm

ദുബൈ: മുത്വലാഖ് ബില്‍ വോട്ടിനിട്ടപ്പോള്‍ ലോക്‌സഭയില്‍ ഇല്ലാതിരുന്നതു സംബന്ധിച്ച് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി.
ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയല്ല വിട്ടുനിന്നത്. പ്രതിസന്ധി നേരിടുന്ന ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനാണ്. അക്കൂട്ടത്തില്‍ മലപ്പുറത്ത് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തു. പ്രവാസി വ്യവസായ പ്രമുഖന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് എതിരാളികള്‍ പുകമറ സൃഷ്ടിക്കുകയാണ്. പ്രവാസി വ്യവസായി എനിക്ക് വേണ്ടപ്പെട്ടവന്‍ തന്നെ. അതെന്റെ ബന്ധുവിന്റെ കല്യാണം കൂടിയായിരുന്നു. ചന്ദ്രിക യോഗം ലീഗിന് ഏറെ പ്രാധാന്യമുള്ള യോഗമായിരുന്നു. പി എ ഇബ്രാഹിം ഹാജി അടക്കം മിക്ക ഡയറക്ടര്‍മാരും ഹാജരായിരുന്നു. ഇതിനിടയില്‍ ലോക്‌സഭയില്‍ നടക്കുന്നത് ടി വി യില്‍ ശ്രദ്ധിച്ചിരുന്നു. ബില്ലിന്മേല്‍ വോട്ട് നടക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നു.

ബില്ലിനെ എന്നും എതിര്‍ത്തയാളാണ് താന്‍. ഇനിയും എതിര്‍ക്കും. പാര്‍ലമെന്റിനു പുറത്തു വലിയ പ്രചാരണം സംഘടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാലും സംഘടനാ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉള്ളതിനാലും എപ്പോഴും ഡല്‍ഹിയില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. ടൈം മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങള്‍ വരുന്നു. ഇതും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേന്ദ്ര, കേരള ചുമതലകള്‍ ഒന്നിച്ചു കൊണ്ടുപോകല്‍ പ്രശ്‌നമുണ്ടാക്കുന്നു.
ഉത്തരേന്ത്യന്‍ സാഹചര്യങ്ങള്‍ കൊണ്ട് കോണ്‍ഗ്രസില്‍ ബില്ല് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുടലെടുത്ത ഘട്ടത്തില്‍ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ശക്തമായി ആവശ്യപ്പെട്ടത് താനാണ്.

ബി ജെ പി മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ലോക്‌സഭയില്‍ വിജയിപ്പിച്ചെടുക്കുമെന്നതിനാല്‍ ചര്‍ച്ചക്കുശേഷം വാക്കൗട്ട് നടത്താനും രാജ്യസഭയില്‍ സംഘടിതമായി തോല്‍പ്പിക്കാനുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യമെടുത്ത തീരുമാനം. എന്നാല്‍ പൊടുന്നനെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിച്ചപ്പോള്‍ ഒരു ന്യൂനപക്ഷ പാര്‍ട്ടി എന്ന നിലയില്‍ അതില്‍ പങ്കുചേരാന്‍ മുസ്‌ലിംലീഗ് തീരുമാനിക്കുകയായിരുന്നു. താനുമായി കൂടിയാലോചിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എം പി വോെട്ടടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു.

തിങ്കളാഴ്ച ബില്‍ രാജ്യസഭയില്‍ എത്തുേമ്പാള്‍ പരാജയപ്പെടുത്തുന്നതിനാവശ്യമായ തന്ത്രങ്ങള്‍ കൂടിയാലോചന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് താന്‍ നാട്ടിലേക്ക് പോയത്. 27ന് പാര്‍ലമെന്റില്‍ ഉണ്ടാവില്ല എന്ന കാര്യം തനിക്കും ഇ ടി മുഹമ്മദ് ബഷീറിനും അറിയാമായിരുന്നു.

തനിക്കെതിരെ മനപൂര്‍വം വിവാദം സൃഷ്ടിക്കുന്ന ഇടതു പക്ഷത്തിന്റെ പല എം.പിമാരും അന്ന് വോെട്ടടുപ്പില്‍ പെങ്കടുത്തിട്ടില്ല. കേരളത്തില്‍ നിന്ന് ഒരു ഇടതു എം.പിപോലും ചര്‍ച്ചയില്‍ സംസാരിച്ചിട്ടുമില്ല. കെ.ടി. ജലീലിന്റെ ബന്ധു നിയമന വിവാദത്തിനെതിരെ പ്രതിഷേധം നടക്കവെ അതിന് ഒരു ബദല്‍ എന്ന നിലയിലാണ് ഇടതുപക്ഷം തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഐ എന്‍ എല്ലിന് തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതിന് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ ഇതിലും വലിയ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും കണ്ടയാളാണ് താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബൈ കെ എം സി സി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഇബ്രാഹിം തിരൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു. അതിനിടെ മുത്വലാഖ് ബില്ലിന്റെ ചര്‍ച്ച നടന്ന ദിവസം ലോക്‌സഭയില്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും രസകരമായ ട്രോളുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.