Connect with us

International

വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തിയ ബാലിക മരിച്ച സംഭവം: ഐ എസ് വനിതാ കമാന്‍ഡര്‍ക്കെതിരെ യുദ്ധക്കുറ്റം

Published

|

Last Updated

ബെര്‍ലിന്‍: വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തിയ അഞ്ചു വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ഐ എസിന്റെ വനിതാ കമാന്‍ഡര്‍ക്കെതിരെ പോലീസ് യുദ്ധക്കുറ്റം ചുമത്തി. ജെന്നിഫര്‍ എന്ന 27കാരിക്കെതിരെയാണ് യുദ്ധക്കുറ്റം, കൊലപാതകം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവ ചുമത്തിയത്. ഡിസം: 14ന് കുറ്റപത്രം മ്യൂണിക്കിലെ ഭീകരവാദക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2015ല്‍ ഇറാഖിലാണ് കേസിനാസ്പദമായ സംഭവം. ഐ എസ് കേന്ദ്രമായ മൊസൂളില്‍ താമസിക്കുന്നതിനിടെ അടിമവേല ചെയ്യിക്കുന്നതിനായി ജെന്നിഫറും ഭര്‍ത്താവും വാങ്ങിയ പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കുറ്റത്തിന് ജെന്നിഫറുടെ ഭര്‍ത്താ കുട്ടിയെ വീടിനു പുറത്തു കൊടും വെയിലില്‍ ചങ്ങലക്കിട്ടു നിര്‍ത്തുകയായിരുന്നു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ഇതേ തുടര്‍ന്ന് നിര്‍ജ്ജലീകരണം സംഭവിച്ചു കുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ ശിക്ഷിക്കുന്നതില്‍ നിന്ന് ഭര്‍ത്താവിനെ തടയാനോ രക്ഷിക്കാനോ ജെന്നിഫര്‍ തയാറായില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2014 ആഗസ്റ്റില്‍ ജര്‍മനിയില്‍ നിന്ന് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലൂടെ ഇറാഖിലെത്തിയ ജെന്നിഫര്‍ പിന്നീട് ഐ എസില്‍ ചേരുകയായിരുന്നു. കുട്ടിയുടെ മരണത്തിനു ശേഷം 2016 ജനുവരിയില്‍ തുര്‍ക്കിയിലെ ജര്‍മന്‍ നയതന്ത്ര കാര്യാലയത്തിലെത്തി പുതിയ തിരിച്ചറിയില്‍ കാര്‍ഡിന് അപേക്ഷിച്ചു. പിന്നീട് ഐ എസുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതിനു ശേഷമാണ് തുര്‍ക്കി പോലീസ് ജെന്നിഫറിനെ അറസ്റ്റു ചെയ്ത് ജര്‍മനിക്കു കൈമാറിയത്.