കുഞ്ഞാലിക്കുട്ടിയുടേത് സമുദായ വഞ്ചന: ഐഎന്‍എല്‍

Posted on: December 28, 2018 1:21 pm | Last updated: December 28, 2018 at 1:39 pm

തിരുവനന്തപുരം: ലോക്‌സഭയില്‍ മുത്വലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ നടപടിയെ വിമര്‍ശിച്ച് ഐഎന്‍എല്‍. ബിജെപിയുമായുള്ള ലീഗിന്റെ ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അബ്ദുല്‍ അസീസ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടേത് സമുദായ വഞ്ചനയാണ്. അവര്‍ തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നുവെന്നും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും വിമാനം വൈകിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുത്വലാഖ് ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി തിരൂരിലെ സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. അതേസമയം, മറ്റൊരു ലീഗ് എംപിയായ ഇ ടി മുഹമ്മദ് ബഷീര്‍ സഭയില്‍ എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം പാര്‍ട്ടിയിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. മുത്വലാഖ് ബില്ല് ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന് കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും നിര്‍ണാകയമായ വേളയില്‍ കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് ലീഗ് നേതാക്കളില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് നേതാക്കള്‍ ആരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

ശക്തമായ പ്രതിപക്ഷ പ്രതിഷേധം മറികടന്നാണ് മുത്വലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. ബില്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളി, വോട്ടിനിട്ടാണ് ലോക്‌സഭ ബില്‍ പാസ്സാക്കിയത്. ബില്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ കക്ഷികള്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 245 അംഗങ്ങളുടെ പിന്തുണയോടെ ബില്‍ പാസ്സായി.