സമരപ്പന്തലില്‍ എത്തി ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ച ലീഗ് നേതാവിനെ പുറത്താക്കി

Posted on: December 28, 2018 3:07 pm | Last updated: December 28, 2018 at 3:07 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ച മുസ്‌ലിം ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെയാണ് പുറത്താക്കിയത്.

വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ് പ്രസിഡന്റ് യു കെ ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു.

യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജനയാത്രയുടെ സമാപനദിവസമാണ് ഇദ്ദേഹം ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയോയതോടെ നേതൃത്വത്തിനെതിരെ അണികളില്‍ നിന്ന് പ്രതിഷേധമുയരുകയായിരുന്നു.