ഇന്ത്യ 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തു; പൂജാരക്ക് സെഞ്ച്വറി, രോഹിത് ശര്‍മക്ക് അര്‍ധ സെഞ്ച്വറി

Posted on: December 27, 2018 1:30 pm | Last updated: December 27, 2018 at 5:23 pm

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സുമായി മാര്‍ക്കസ് ഹാരിസും മൂന്ന് റണ്‍സുമായി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍.

കരിയറിലെ പതിനേഴാം സെഞ്ച്വറി കുറിച്ച ചേതേശ്വര്‍ പുജാര (106), അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഋഷഭ് പന്ത് 39ഉം അജിങ്ക്യ രഹാനെ 34ഉം റണ്‍സെടുത്തു.

280 പന്തുകളില്‍ നിന്നാണ് താരം സെഞ്ച്വറി കണ്ടെത്തിയത്. പിന്നീട് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത പുജാരയെ പാറ്റ് കുമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 299ല്‍ നില്‍ക്കെയായിരുന്നു പുജാരയുടെ പുറത്താകല്‍.

ആസ്‌ത്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റെടുത്തു. ഹാസില്‍വുഡ്, ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.