ശ്രീരാമനും അദ്വാനിക്കും വനവാസം, അധികാരത്തിന്റെ ഓക്‌സിജന്‍ നുകര്‍ന്ന് മറ്റുള്ളവര്‍; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

Posted on: December 26, 2018 4:49 pm | Last updated: December 26, 2018 at 5:19 pm

മുംബൈ: അധികാരം ചിലര്‍ക്ക് ഓക്‌സിജനാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ അദ്ദേഹത്തിനു നേരെ തന്നെ തിരിച്ചുവിട്ട് ശിവസേന. ശ്രീരാമന്‍ അയോധ്യയിലും ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനി രാഷ്ട്രീയത്തിലും വനവാസത്തില്‍ കഴിയുമ്പോള്‍ മറ്റുള്ളവര്‍ അധികാരത്തിന്റെ ഓക്‌സിജന്‍ നുകരുകയാണെന്ന് ശിവസേന മുഖപത്രമായ സാംന എഡിറ്റോറിയലിശ്ല്‍ ആരോപിച്ചു.

അധികാരം ചിലര്‍ക്കു ഓക്‌സിജന്‍ പോലെയാണെന്നും രണ്ടോ അഞ്ചോ വര്‍ഷം അതില്ലാതിരിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകുമെന്നും കോണ്‍ഗ്രസിനെ ലക്ഷ്യംവെച്ച് മോദി വിമര്‍ശനമുന്നയിച്ചിരുന്നു.

അച്ചേ ദിന്‍ (നല്ല ദിനങ്ങള്‍) കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടവര്‍ ഇപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുന്നതിനെ കുറിച്ചോര്‍ത്ത് ഭീതിയിലാണെന്ന് മുഖപ്രസംഗം പറഞ്ഞു. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യത്തിന്റെതല്ല അധികാരത്തില്‍ നിലനില്‍ക്കാനുള്ള അശാന്തമായ ശ്രമങ്ങളുടെ ഭാഗമാണ്.
അധികാരത്തിനുള്ള ഓക്‌സിജന്‍ ഉറപ്പുവരുത്തുന്നതിന് തെമ്മാടികളെയും കള്ളന്മാരെയും നല്ലവരാക്കി ചിത്രീകരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ക്രിമിനലുകളെ വാത്മീകിയാക്കുന്നു.

ഹിന്ദുത്വയെ അടിസ്ഥാനമാക്കി ശിവസേനയുമായി രൂപവത്കരിച്ച സഖ്യം ഹിന്ദുത്വയുടെ ഓക്‌സിജന്‍ സിലിന്‍ഡര്‍ കവര്‍ന്നെടുക്കപ്പെട്ടതോടെ തന്നെ തകര്‍ന്നു. തിരഞ്ഞെടുപ്പിലെ ജയസാധ്യതകള്‍ മങ്ങുമെന്നു കണ്ടപ്പോള്‍ സേനയുമായി സഖ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കിയുള്ള പ്രസ്താവനകള്‍ നടത്തുകയാണ് ബി ജെ പി- മുഖപ്രസംഗം പറയുന്നു.