വധ ഭീഷണി; രാജു നാരായണ സ്വാമി പരാതി നല്‍കി

Posted on: December 25, 2018 10:39 pm | Last updated: December 25, 2018 at 10:39 pm

കൊച്ചി: നാളികേര വികസന ബോര്‍ഡ് ചെയര്‍. രാജു നാരായണ സ്വാമിക്കു വധ ഭീഷണി. ബംഗളൂരു റീജ്യണല്‍ ഓഫീസ് ഡയറക്ടറായിരുന്നു ഹേമചന്ദ്ര തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് നാരായണ സ്വാമി നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായ ശേഷം നടത്തിയ അന്വേഷണത്തില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹേമചന്ദ്രക്കെതിരെ നാരായണ സ്വാമി നടപടിയെടുത്തിരുന്നു. കാര്‍ഷികോപകരണങ്ങള്‍ വാങ്ങിയതിലും കേന്ദ്ര ഫണ്ട് വിനിയോഗത്തിലും കോടികളുടെ ക്രമക്കേടുകളാണ് സ്വാമി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്.

ഹേമചന്ദ്രക്കു പുറമെ ഹോള്‍ട്ടി കള്‍ച്ചര്‍ കമ്മീഷണര്‍ എം എന്‍ എസ് മൂര്‍ത്തിക്കും അഴിമതിയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് ഹേമചന്ദ്ര കഴിഞ്ഞ 17ന് തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രാജു നാരായണ സ്വാമി പരാതിയില്‍ പറഞ്ഞു.