ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും; പ്രതിരോധ വക്താവിന് 33,000 രൂപ നഷ്ടമായി

Posted on: December 25, 2018 3:34 pm | Last updated: December 25, 2018 at 3:34 pm

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 33,000 രൂപ നഷ്ടമായി. ക്രിസ്മസ് തലേന്നാണ് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചത്. ഫോണില്‍ ഒടിപിയോ മറ്റോ വന്നിരുന്നില്ലെന്ന് ധന്യ പറയുന്നു.

ധന്യയുടെ സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഗോപ്രോ ക്യാമറ വെബ്‌സൈറ്റില്‍ നിന്ന് 480 രൂപയുടെ പര്‍ച്ചേസ് നടത്തി. തുടര്‍ന്ന് യുഎന്‍സിഎച്ച്ആര്‍ സൈറ്റില്‍ നിന്ന് 100 രൂപയുടെ ഇടപാടിന് ശ്രമിച്ചെങ്കിലും ഒടിപി ആവശ്യപ്പെട്ടതിനാല്‍ നടത്താനായില്ല.

ചില വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് കാര്‍ഡ് നമ്പറും എക്‌സ്‌പെയറി ഡേറ്റു സിവിവി കോഡും മാത്രം നല്‍കി ഇടപാട് നടത്താം. ഇതാണ് തട്ടിപ്പുകാര്‍ കരുവാക്കിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരുന്നുണ്ട്. തിരുവനന്തപുരം പട്ടം സ്വദേശിക്ക് എസ്ബിഐയുടെ ക്രഡിറ്റ് കാര്‍ഡിര്‍ല്‍ നിന്ന് അടുത്തിടെ 68000 രൂപ നഷ്ടമായിരുന്നു. ഇതും വിദേശ വെബ്‌സൈറ്റിലെ ഇടപാടിലൂടെയാണ് നഷ്ടമായത്. തിരുവല്ല സ്വദേശിക്ക് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതും അടുത്തിടെയാണ്.