ട്രംപിന്റെ സിറിയന്‍ നയം

Posted on: December 25, 2018 8:45 am | Last updated: December 24, 2018 at 9:21 pm

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിട്ടുള്ള മുഴുവന്‍ അമേരിക്കന്‍ സൈനികരെയും നാട്ടില്‍ തിരിച്ചെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ട്രംപ് അന്യരാജ്യത്തിന്റെ സുരക്ഷക്ക് എന്തിന് അമേരിക്കയുടെ ആളും അര്‍ഥവും വ്യയം ചെയ്യണമെന്ന് ചോദിക്കുകയും ചെയ്യുന്നു. സിറിയയില്‍ നിന്ന് യു എസ് സൈന്യം പൂര്‍ണമായി പിന്‍വാങ്ങും. അഫ്ഗാനില്‍ സൈനിക സാന്നിധ്യം പകുതിയായി കുറക്കും. അടുത്ത ഘട്ടത്തില്‍ ഇറാഖിലും ഇതേ നയം തുടരും. നാറ്റോയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണവും കുറക്കും. ഇതൊക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങള്‍. സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്കുള്ള ചുവടുവെപ്പായി പ്രത്യക്ഷത്തില്‍ വിലയിരുത്താവുന്ന ഈ തീരുമാനത്തിനെതിരെ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനായ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചാണ് ഇതിനോട് പ്രതികരിച്ചത്. അമേരിക്ക എക്കാലവും ഉയര്‍ത്തിപ്പിടിച്ച അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോടലാണിതെന്നും നാറ്റോ അടക്കമുള്ള സഖ്യങ്ങളുടെ ബലത്തിലാണ് അമേരിക്കയുടെ മേധാവിത്വം നിലനില്‍ക്കുന്നതെന്നും മാറ്റിസ് വാദിക്കുന്നു. എന്നാല്‍ ട്രംപ് ഇതൊന്നും ചെവികൊണ്ടിട്ടില്ല.

‘സിറിയയില്‍ ഇസിലിനെ പരാജയപ്പെടുത്താനാണ് സൈന്യത്തെ അയച്ചത്; ഇപ്പോള്‍ ഇസില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്തിരിക്കുന്നു; അത്‌കൊണ്ട് സൈന്യത്തെ പിന്‍വലിക്കാം’. ഇതാണ് ട്രംപിന്റെ വാദം. ഇസില്‍ തീവ്രവാദികളുടെ ശക്തി ക്ഷയിച്ചിട്ടുണ്ടെന്നത് ശരിയാണ്. അത് പക്ഷേ അമേരിക്കന്‍ സൈന്യത്തിന്റെ മിടുക്കില്‍ മാത്രമല്ല. കുര്‍ദ് വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ് ഡി എഫ്), റഷ്യന്‍ സൈന്യം, ബശര്‍ അല്‍ അസദിന്റെ സൈന്യം തുടങ്ങിയ നിരവധി വഴികളില്‍ നിന്നുള്ള ആക്രമണമാണ് ഇസിലിനെ ശിഥിലമാക്കിയത്. അവര്‍ സമ്പൂര്‍ണമായി തകര്‍ന്നുവെന്ന് പറയാനായിട്ടുമില്ല.

അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ അതിര്‍ത്തി അടക്കണമെന്നും അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പുറത്ത് കടക്കണമെന്നും വ്യാപാര രംഗത്ത് കൂടുതല്‍ പ്രൊട്ടക്ഷനിസം (പുറത്ത് നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തി സ്വന്തം ഉത്പന്നങ്ങള്‍ സംരക്ഷിക്കല്‍) വേണമെന്നും വിശ്വസിക്കുന്ന ബിസിനസ്സുകാരനാണല്ലോ ട്രംപ്. അദ്ദേഹം സിറിയയില്‍ നിന്ന് പിന്‍വാങ്ങുന്നുവെങ്കില്‍ അത് സമാധാനത്തിനായുള്ള ഉത്തമ താത്പര്യത്തിലാണെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത്തരമൊരു തീരുമാനത്തില്‍ ട്രംപ് എത്തിയതിന് പിന്നില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പങ്ക് ചില മാധ്യമങ്ങള്‍ എടുത്തു പറയുന്നുണ്ട്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പ് ട്രംപ് തുര്‍ക്കി പ്രസിഡന്റിനെ വിളിച്ചുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018 തുര്‍ക്കിയും യു എസും തമ്മിലുള്ള പോര്‍വിളിയുടെ വര്‍ഷമായിരുന്നു. തുര്‍ക്കി തടഞ്ഞുവെച്ച ക്രിസ്ത്യന്‍ മിഷനറിയെ ചൊല്ലിയായിരുന്നു പ്രധാനമായും തര്‍ക്കം.

മിഷനറിയെ തിരിച്ചയച്ചതും ഇപ്പോള്‍ തുര്‍ക്കി- യു എസ് ബന്ധം ശക്തിപ്പെടുന്നതും ചില നീക്കുപോക്കുകളുടെ വെളിച്ചത്തിലാണത്രേ. അമേരിക്കയില്‍നിന്ന് 3.5 ബില്യണ്‍ ഡോളറിന്റെ മിസൈല്‍ സംവിധാനം വാങ്ങാന്‍ തുര്‍ക്കി സമ്മതിച്ചിട്ടുണ്ട്. പാട്രിയട്ട് മിസൈല്‍വേധ സംവിധാനമാണ് അമേരിക്കന്‍ കമ്പനിയായ റായ്ത്തണില്‍നിന്ന് തുര്‍ക്കി വാങ്ങുന്നത്. ഈ കരാര്‍ തുര്‍ക്കിയും യു എസും തമ്മില്‍ മഞ്ഞുരുക്കത്തിന് വഴിയൊരുക്കി. ആ വഴിയിലൂടെയാണ് സിറിയന്‍ പിന്‍മാറ്റമെന്ന തീരുമാനം വന്നതെന്നാണ് വിലയിരുത്തല്‍. തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം കുര്‍ദുകള്‍ ഒരു സുരക്ഷാ പ്രശ്‌നമാണ്. കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയെന്ന സായുധ ഗ്രൂപ്പ് തുര്‍ക്കിയില്‍ നടത്തുന്ന ആക്രമണങ്ങളും പ്രത്യേക കുര്‍ദ് സ്വയംഭരണ മേഖലക്കായുള്ള സായുധ പോരാട്ടവുമാണ് തുര്‍ക്കിയെ ഭീതിപ്പെടുത്തുന്നത്. വടക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്ക് നല്ല വേരോട്ടമുണ്ട്. എസ് ഡി എഫിന്റെ കീഴിലുള്ള വൈ പി ജി സേന ശക്തമാണ്. അമേരിക്ക പൂര്‍ണ പിന്തുണ നല്‍കി സംരക്ഷിച്ചു വരികയായിരുന്നു ഈ സായുധസംഘത്തെ. കുര്‍ദുകളെ ആക്രമിക്കുന്നതില്‍ നിന്ന് തുര്‍ക്കിയെ തടഞ്ഞത് യു എസായിരുന്നു. യു എസ് പിന്‍വാങ്ങുന്നതോടെ കൂടുതല്‍ ശക്തമായി കുര്‍ദുകളെ നേരിടാന്‍ തുര്‍ക്കിക്ക് സാധിക്കും. ഒരു പക്ഷേ അത് ഉര്‍ദുഗാനും ബശര്‍ അല്‍ അസദും കൈകോര്‍ത്തു കൊണ്ടായിരിക്കും. ഇറാനും കൂടെ ചേരും. സിറിയ അശാന്തമായി തുടരുമെന്നര്‍ഥം.

അമേരിക്ക എവിടെയൊക്കെ ഇടപെട്ടിട്ടുണ്ടോ അവിടെയൊക്കെ തദ്ദേശീയ ഭരണ സംവിധാനം തകര്‍ത്തെറിയുകയാണ് ചെയ്തിട്ടുള്ളത്. സിറിയയില്‍ റഷ്യയും അമേരിക്കയും നടത്തിയ വടംവലിയാണ് ആ രാജ്യത്തെ ഇങ്ങനെ ശിഥിലമാക്കിയത്. ജീവിതം അസാധ്യമായ പാഴ്ഭൂമിയായി മാറിയ ഈ രാജ്യത്ത് നിയമവാഴ്ചയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം ഇടപെട്ട എല്ലാവര്‍ക്കുമുണ്ട്. അത് നിര്‍വഹിക്കാതെ സൈന്യത്തെ പിന്‍വലിച്ച് തടിതപ്പുന്നത് ശിഥിലീകരണ ദൗത്യം പൂര്‍ത്തിയാക്കിയുള്ള മടക്കമായേ കാണാനാകൂ. ഇതര നാട്ടിലെ മനുഷ്യരെ കൊല്ലാനയച്ച സൈനികരെ തിരിച്ചു വിളിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ആരാന്റെ കാര്യത്തില്‍ ഇടപെടുന്ന ഗുണ്ടാ പണി വന്‍ശക്തികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇര രാഷ്ട്രങ്ങളുടെ സ്വയംനിര്‍ണയാവകാശം പുലരുകയുള്ളൂ.