വരനെ ശവപ്പെട്ടിയില്‍ കയറ്റി കൂട്ടുകാരുടെ ആഘോഷം; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Posted on: December 24, 2018 7:18 pm | Last updated: December 24, 2018 at 7:50 pm

കണ്ണൂര്‍: വിവാഹ ചടങ്ങിനെത്തിയ കൂട്ടുകാര്‍ വരനെ ശവപ്പെട്ടിയിലേറ്റി. മൃതദേഹത്തിന് സമാനമായ രീതിയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വരനെ കൊണ്ട് പോകുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കണ്ണൂര്‍ സിറ്റി ചിറക്കല്‍കുളം വാര്‍ഡിലെ അഞ്ചുകണ്ടിയിലാണ് സംഭവം. ഗതാഗത തടസം സൃഷ്ടിച്ച് വരനെ ശവപ്പെട്ടിയില്‍ കയറ്റി നടത്തിയ ആഘോഷം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മുതിര്‍ന്നവരും ഇടപെട്ടാണ് നിര്‍ത്തിച്ചത്. വരനെ താഴെയിറക്കി ശവപ്പെട്ടി അഞ്ചുകണ്ടി തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ശവപ്പെട്ടി ഉയര്‍ത്തിയവര്‍ മുഖം മറച്ചവരായാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം വിവാദമായതോടെ പരിധിവിട്ട വിവാഹ ആഭാസങ്ങള്‍ക്കെതിരെ നിരവധി പേരാണ് നവമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്ശനങ്ങളുമായി രംഗത്തെത്തിയത്.

‘നാട്ടിലെ ഒരു സംവിധാനത്തെയും നാട്ടുകാരെയും ഭയക്കാത്തവര്‍ക്കു മാത്രമേ ഇത്തരം കടുംകൈകള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ’ എന്നാണ് ഒരാള്‍ പോസ്റ്റിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. ‘അങ്ങനെ സംവിധാനങ്ങളെ ഭയക്കാത്തവര്‍ ആരായിരിക്കും? കൈയില്‍ പത്തു പുത്തനുള്ളവര്‍.’ എന്ന് മറുപടിയും.
‘കല്യാണ ദിവസങ്ങളില്‍ പയ്യന്മാരുടെ അത്യാവശ്യം കുസൃതിയൊക്കെ എല്ലാവരും സഹിക്കാറുണ്ട്. ചെയ്തു മടുത്ത തെമ്മാടിത്തങ്ങളില്‍ വറൈറ്റി കൊണ്ടുവരാനാണ് ഈ വക വേഷം കെട്ടലുകള്‍’ എന്നാണ് ഒരു വിമര്‍ശനം. ‘വിവാഹവുമായി ബന്ധപ്പെട്ട ആഭാസങ്ങള്‍ വീട്ടിനകത്തും പുറത്തും തുടരുക തന്നെയാണ്. ആഭാസങ്ങള്‍ കാട്ടികൂട്ടാനൊരു കൂട്ടവും, കുടപിടിക്കാനൊരു ചേരിയും, പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ചില മീഡിയകളുമുള്ളിടത്തോളം പ്രതികരണത്തിന് പ്രതികാരമാവും ഫലം.’ ഇങ്ങനെ നീളുന്നു കുറിപ്പുകള്‍.

‘ആശംസാ പ്രാര്‍ത്ഥന നടത്തി വര്‍ണ്ണശബളമായ ജീവിതത്തിലേക്ക് കടക്കേണ്ടവര്‍…. നിര്‍ഭാഗ്യം എന്ന് പറയട്ടെ ആഭാസമെന്നു പറഞ്ഞാല്‍ ആഭാസന്മാര്‍ പോലും നമ്മെ തല്ലാന്‍ വരും അത്രയ്ക്ക് നീചമായിരുന്നു ഇന്നലെ ആ ചെറുപ്പക്കാരനും സുഹൃത്തുക്കളും കാണിച്ചത്.’ എന്നതായിരുന്നു മറ്റൊരു പോസ്റ്റ്. സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്ക് അഭിനന്ദനമറിയിച്ചും ചിലരെത്തി ‘എല്ലാം വലിച്ച് കീറി തോട്ടിലെറിഞ്ഞ നാട്ടുകാര്‍ക്ക് ബിഗ് സല്യൂട്ട്…’ എന്നതായിരുന്നു ഒരാള്‍ വീഡിയോക്ക് കമന്റിട്ടത്. ‘പണ്ടൊക്കെ മക്കളെ വളര്‍ത്തുകയായിരുന്നു.. ഇന്ന് മക്കള്‍ വളരുകയാണ്.. അതാണ് മാറേണ്ടത്’ എന്ന അടിക്കുറിപ്പോടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തവരുമുണ്ട്. മുന്‍പും സമാന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.