ഈ മനുഷ്യനെ തീവ്രവാദിയെന്ന് വിളിക്കാന്‍ ഇപ്പോഴും നിങ്ങള്‍ക്ക് കഴിയുന്നോ?

ഇപ്പോള്‍ മഅ്ദനിയെ തീവ്രവാദിയെന്ന് വിളിച്ചവര്‍ വരുന്ന വഴിക്ക് എം എം അക്ബറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ മറന്നില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ശംസുദ്ദീന്‍ പാലത്തിന് വേണ്ടി നിയമസഭയില്‍ ബഹളം വെച്ചതും പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് എം എം അക്ബറിന് വേണ്ടി പരിഭ്രാന്തരായതും അവര്‍ തന്നെയായിരുന്നു. വിചിത്രമായ കാര്യം, ഐ എസ് ബന്ധം പോലുള്ള മാരകമായ വിഷയത്തില്‍ കുടുങ്ങുന്നവരെ പോലും രക്ഷിച്ചെടുക്കാനും പ്രതിരോധിക്കാനും മുന്നിട്ടിറങ്ങുന്നവര്‍ തന്നെയാണ് മഅ്ദനിയെ നോക്കി തീവ്രവാദിയെന്ന് വിളിക്കുന്നതും
Posted on: December 24, 2018 11:12 am | Last updated: December 24, 2018 at 8:24 pm

‘എന്തുകൊണ്ട് മഅ്ദനി’ എന്ന ചെറിയൊരു പുസ്തകമുണ്ട് സി കെ അബ്ദുല്‍ അസീസിന്. ”മഅ്ദനിയെ ജയിലിലടച്ച് പീഡിപ്പിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനയെക്കാള്‍ ഭീകരമായ ഗൂഢാലോചനയാണ്, അദ്ദേഹത്തിന്റെ ആശയങ്ങള്‍ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ നടന്നത്. മഅ്ദനി ഒരിരട്ട പീഡനത്തിനാണ് ഇരയാക്കപ്പെട്ടിരിക്കുന്നത്. ജയില്‍ വാസത്തിന്റെ ശാരീരിക പീഡനവും ആശയപരമായ തമസ്‌കരണവും.” പുസ്തകത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നു.

തീവ്രവാദി എന്ന ആ വിളി അബ്ദുന്നാസര്‍ മഅ്ദനി പിന്നെയും കേള്‍ക്കുകയാണ്. വലിയ വലിയ നേതാക്കള്‍ മുതല്‍ തെരുവു യോഗങ്ങളിലെ സ്വാഗത പ്രസംഗകര്‍ വരെ അദ്ദേഹത്തെ അങ്ങനെ നിഷ്‌കരുണം ആക്രമിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ. മൗലികവാദി, തീവ്രവാദി, ഭീകരവാദി, വര്‍ഗീയ വാദി എന്നിങ്ങനെ പല പദവ്യൂഹങ്ങളുപയോഗിച്ച് അഭിസംബോധന ചെയ്തു. എന്താണ് തീവ്രവാദം? ആരാണ് തീവ്രവാദി? തീവ്രവാദി എന്ന് വളിക്കാന്‍ മഅ്ദനി കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ എന്തൊക്കെയാണ്? ഏത് മാനദണ്ഡമുപയോഗിച്ചാണ് തീവ്രവാദിയെന്ന് അദ്ദേഹത്തെ ആക്ഷേപിക്കുന്നത് എന്നൊന്നും ആലോചിക്കാതെ എടുത്തുവീശുകയായിരുന്നു അന്ന് ആ പ്രയോഗങ്ങള്‍.
മഅ്ദനി തീവ്രവാദിയാണ് എന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണെന്ന് സി കെ അബ്ദുല്‍ അസീസ് പറയുന്നുണ്ട്. ശേഷം അന്നത്തെ മുഖ്യമന്ത്രി കരുണാകരനും അതാവര്‍ത്തിച്ചത്രേ. പറഞ്ഞ് പറഞ്ഞ് തൊഗാഡിയ സമം മഅ്ദനി എന്നു പറയുന്നിടത്തെത്തി നമ്മുടെ പൊതുബോധം. തൊഗാഡിയ ആര്? മഅ്ദനിയാര്? !! എത്ര വിചിത്രമായ താരതമ്യം?
എന്നാല്‍, ആ മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്ത/തീര്‍ത്തുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത നീതിനിഷേധത്തിന്റെ അന്തരീക്ഷത്തില്‍ ഒരു വിധം മനസ്സാക്ഷിയുള്ളവരൊന്നും അങ്ങനെ വിളിക്കാന്‍ ഇപ്പോള്‍ മനക്കട്ടി കാണിക്കാറില്ല. അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് ഇത്തരം വിളികളും വിശേഷണങ്ങളും വലിയ പിന്‍ബലം നല്‍കിയിട്ടുണ്ടല്ലോ. മഅ്ദനിക്കെതിരായ പൊതുബോധം ഈ രൂപത്തില്‍ സംവിധാനിക്കുന്നതില്‍ തീവ്രവാദി തുടങ്ങിയ അഭിസംബോധനകള്‍ ചില്ലറ സഹായമൊന്നുമല്ല ചെയ്തത്. മഅ്ദനിയുടെ ഭാര്യക്കെതിരെ പോലും തീവ്രവാദ ആരോപണം മുഴക്കിയിരുന്നു മുമ്പ് ഒരു യുവ നേതാവ്. അവര്‍ തീവ്രവാദി ബന്ധം പുലര്‍ത്തിയത് അറിഞ്ഞുകൊണ്ടാണെന്നും അവരോട് സംസ്ഥാന സര്‍ക്കാര്‍ മൃദു സമീപനമാണ് തുടരുന്നതെന്നും വരെ പറഞ്ഞുകളഞ്ഞു കക്ഷി. മാത്രമല്ല, മഹാഭീകരനൊന്നുമല്ല, അല്ലാഹു കൊടുത്ത ശിക്ഷയാണ് മഅ്ദനി അനുഭവിക്കുന്നത് എന്നും ആക്ഷേപിച്ചു അയാള്‍.
1992ല്‍ വലതുകാല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന സംഭവം പോലും മഅ്ദനിക്കെതിരെയുള്ള മറ്റൊരു ആരോപണമായി ഉയര്‍ത്താന്‍ നോക്കിയിട്ടുണ്ട്. അദ്ദേഹത്തെ ആരും ബോംബെറിഞ്ഞിട്ടില്ലെന്നും കൈയിലുള്ള ബോംബ് പൊട്ടിയാണെന്നുമൊക്കെയുള്ള കണ്ണില്‍ ചോരയില്ലാത്ത ആക്ഷേപം കേരളം കേട്ടത് സമുദായത്തിന്റെ സ്റ്റേജുകളില്‍ നിന്ന് തന്നെയായിരുന്നു. വധശ്രമത്തിന് പിന്നിലുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ സംഘ്പരിവാറുകാരാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടും പ്രസംഗിച്ചുനടന്നവര്‍ തിരുത്താന്‍ പോയില്ല.

അതിനൊരു കാരണമുണ്ട്; സംവരണം, ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ സമുദായ രാഷ്ട്രീയം കാണിച്ച സമീപനത്തെ നിര്‍ദാക്ഷിണ്യം തുറന്നു കാണിച്ചിരുന്നു മഅ്ദനി. അതിന് കണക്ക് തീര്‍ത്തത് പക്ഷേ, ഇങ്ങനെയൊക്കെയാണ്. സുപ്രീം കോടതിയില്‍ നല്‍കിയ മഅ്ദനിയുടെ ജാമ്യ ഹരജിയുടെ കാര്യത്തില്‍ പൊലും കള്ളക്കളികളും അദൃശ്യമായ ഇടപെടലും നടന്നെന്ന് ആക്ഷേപം വന്നിരുന്നല്ലോ.

ഇപ്പോള്‍ മഅ്ദനിയെ തീവ്രവാദിയെന്ന് വിളിച്ചവര്‍ വരുന്ന വഴിക്ക് എം എം അക്ബറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ മറന്നില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ശംസുദ്ദീന്‍ പാലത്തിന് വേണ്ടി നിയമസഭയില്‍ ബഹളം വെച്ചതും പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് എം എം അക്ബറിന് വേണ്ടി പരിഭ്രാന്തരായതും അവര്‍ തന്നെയായിരുന്നു.
വിചിത്രമായ കാര്യം, ഐ എസ് ബന്ധം പോലുള്ള മാരകമായ വിഷയത്തില്‍ കുടുങ്ങുന്നവരെ പോലും രക്ഷിച്ചെടുക്കാനും പ്രതിരോധിക്കാനും മുന്നിട്ടിറങ്ങുന്നവര്‍ തന്നെയാണ് മഅ്ദനിയെ നോക്കി തീവ്രവാദിയെന്ന് വിളിക്കുന്നതും. എന്തുകൊണ്ടാണ് സാക്കിര്‍നായിക്കിന്റെയും ശംസുദ്ദീന്‍ പാലത്തിന്റെയും മനുഷ്യാവകാശത്തിന് വേണ്ടി വേപധു കൊള്ളുന്നവര്‍ക്ക് മഅ്ദനിയുടെ മനുഷ്യാവകാശം വിഷയമാകാതെ പോകുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അദ്ദേഹത്തെ പിന്നെയും പിന്നെയും തീവ്രവാദിയെന്ന് വിളിക്കുന്നത് ഒന്നൊഴിവാക്കിക്കൂടേ എന്ന സംശയം മാത്രമേയൂള്ളൂ.
പീസ് സ്‌കൂളിനോടും മുക്കം മുസ്‌ലിം ഓര്‍ഫനേജിനോടും രണ്ട് സമീപനമാകുന്നതിന്റെ രസതന്ത്രം അന്വേഷിച്ചാല്‍ കിട്ടും യു എ പി എയിലും സമുദായ സ്‌നേഹത്തിലും മനുഷ്യാവകാശത്തിലും ന്യൂനപക്ഷ പീഡനത്തിലുമൊക്കെ ഇവിടെ നടക്കുന്ന ഇരട്ടത്താപ്പുകള്‍.