Connect with us

Prathivaram

തുടങ്ങിയത് മാര്‍ക്വെസ് പിന്‍വാങ്ങിയയിടത്ത് നിന്ന്

Published

|

Last Updated

അങ്ങനെ ആലോചിച്ചപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒക്കെ പറഞ്ഞതിനേക്കാള്‍ സൂക്ഷ്മമായി മുസ്‌ലിം ജീവിതത്തെ കുറിച്ച് പറഞ്ഞാലോ എന്ന് തോന്നി. ആയിടക്കാണ് ഗബ്രിയേല്‍ മാര്‍ക്വെസ് മരണാനന്തര ജീവിതത്തെ കുറിച്ച് എഴുതാന്‍ ശ്രമിച്ച് ഒരു അധ്യായം പോലും പൂര്‍ത്തിയാക്കാനാവാതെ പരാജയപ്പെട്ടതിനെക്കുറിച്ച് വായിച്ചത്. കാരണം ഫാന്റസി ആണെങ്കിലും എങ്ങനെ കൊണ്ടുപോകണമെന്ന് ഭാവനയില്‍ കാണാന്‍ അറിവ് വേണം. അല്ലെങ്കില്‍ നാം പരിചയിച്ച ഭൗതിക ജീവിതം തന്നെയാവും മരണാനന്തരത്തിലും മുഴച്ചുനില്‍ക്കുക. അങ്ങനെയാണ് ഞാന്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്.

? അവതരണം കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തമായ “മരണപര്യന്തം” എന്ന നോവലിന്റെ രചയിതാവാണ് ശംസുദ്ദീന്‍ മുബാറക്. പാരമ്പര്യ മുസ്‌ലിം വിശ്വാസവും തനിമയാര്‍ന്ന സംസ്‌കാരവുമെല്ലാം ഈ നോവലിലൂടെ വായിച്ചെടുക്കാന്‍ സാധിക്കുന്നു.

പഠന കാലത്ത് കഥയും കവിതയും എഴുതാറുണ്ടായിരുന്നു. ചില വാരാന്തപ്പതിപ്പുകളില്‍ പ്രസിദ്ധീകരിച്ചു വരികയും കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ കിട്ടുകയുമൊക്കെ ചെയ്തിട്ടുണ്ട്. പല സാഹിത്യ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, പഠനം കഴിഞ്ഞപ്പോള്‍ എന്റെ വഴിയില്‍ പത്രപ്രവര്‍ത്തനം അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. നിരന്തരം പത്രവുമായുള്ള ബന്ധപ്പെടല്‍ എന്റെ സര്‍ഗാത്മക എഴുത്തിനെ നഷ്ടപ്പെടുത്തിയിരുന്നു. അത് തിരിച്ചുപിടിക്കണമെന്ന് ആലോചന അക്കാലത്താണ് ഉണ്ടായത്. ആദ്യം എന്റെ ഭാഷ തിരിച്ചുപിടിക്കണം എന്നാണ് തോന്നിയത്. അങ്ങനെയാണ് പ്രമുഖ അറബ് എഴുത്തുകാരനായ ത്വയ്യിബ് സ്വാലിഹിന്റെ, അമ്പതോളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫിക്ഷനായി തിരഞ്ഞെടുക്കപ്പെട്ട “മൗസമുല്‍ ഹിജ്‌റ ഇല ശിമാല്‍” എന്ന നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചത്. അത് പൂര്‍ത്തിയാകാറായപ്പോള്‍ ഡി സിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. അറബ് കൃതിയുടെ പ്രസാധകരുടെ പകര്‍പ്പാവകാശം കിട്ടാതായതോടെ ആ ശ്രമം ഉപേക്ഷിച്ചു.

? ശേഷം “മരണപര്യന്ത”ത്തിലേക്ക് എത്തുന്നത്
അറബിയില്‍ നിന്നുള്ള പരിഭാഷ പരാജയപ്പെട്ടെങ്കിലും എന്തെങ്കിലുമൊക്കെ എഴുതുന്നതിനെക്കുറിച്ച് ആലോചനയില്‍ ഉണ്ടായിരുന്നു. ആരും എഴുതിയിട്ടില്ലാത്തത് എന്തെന്ന് അന്വേഷണത്തിലായിരുന്നു. തുടക്കക്കാരന്‍ ആയതുകൊണ്ട് പ്രണയവും കുടുംബവും കലഹവും ഒന്നും വായനക്കാരെ നേടിത്തരില്ല. അങ്ങനെ ആലോചിച്ചപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒക്കെ പറഞ്ഞതിനേക്കാള്‍ സൂക്ഷ്മമായി മുസ്‌ലിം ജീവിതത്തെ കുറിച്ച് പറഞ്ഞാലോ എന്ന് തോന്നി. ആയിടക്കാണ് ഗബ്രിയേല്‍ മാര്‍ക്വെസ് മരണാനന്തര ജീവിതത്തെ കുറിച്ച് എഴുതാന്‍ ശ്രമിച്ച് ഒരു അധ്യായം പോലും പൂര്‍ത്തിയാക്കാനാവാതെ പരാജയപ്പെട്ടതിനെക്കുറിച്ച് വായിച്ചത്. കാരണം ഫാന്റസി ആണെങ്കിലും എങ്ങനെ കൊണ്ടുപോകണമെന്ന് ഭാവനയില്‍ കാണാന്‍ അറിവ് വേണം. അല്ലെങ്കില്‍ നാം പരിചയിച്ച ഭൗതിക ജീവിതം തന്നെയാവും മരണാനന്തരത്തിലും മുഴച്ചുനില്‍ക്കുക. അങ്ങനെയാണ് ഞാന്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. മതങ്ങളിലൂടെ കടന്നുപോയപ്പോഴാണ് മരണാനന്തരം ഓരോ നിമിഷവും എന്ത് സംഭവിക്കുന്നുവെന്ന് ഇസ്‌ലാം വ്യക്തമായി പറയുന്നുണ്ടെന്ന ബോധ്യമുണ്ടായത്. അങ്ങനെ ഹദീസ് വ്യാഖ്യാനങ്ങളും ഖുര്‍ആന്‍ തഫ്‌സീറുകളുമെല്ലാം പരതി. ഇതുമായി ബന്ധപ്പെട്ട് അറബിയിലും ഇംഗ്ലീഷിലും ഉറുദുവിലും മലയാളത്തിലുമായി രചിക്കപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ അന്വേഷിച്ചു വായിച്ചു. അങ്ങനെ നാല് വര്‍ഷത്തെ അധ്വാനമാണ് “മരണപര്യന്തം ഒരു റൂഹിന്റെ നാള്‍ മൊഴികള്‍” എന്ന നോവല്‍.

? സാധാരണഗതിയില്‍ ഫാന്റസി, ഇതിഹാസ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് മുന്നോട്ടുപോകാറ്
മരണപര്യന്തം മുസ്‌ലിം വായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ഫാന്റസിയല്ല. യാഥാര്‍ഥ്യമാണ്. അത് യാഥാര്‍ഥ്യമായി തന്നെ വായനക്കാര്‍ക്ക് അനുഭവപ്പെടണമെങ്കില്‍ കഥാപാത്രങ്ങള്‍ അവര്‍ക്ക് സുപരിചിതമായിരിക്കണം. അങ്ങനെയാണ് നോവലില്‍ തയ്യിലപ്പറമ്പില്‍ ബശീര്‍ എന്ന കേന്ദ്രകഥാപാത്രം വരുന്നത്. ബശീര്‍ യഥാര്‍ഥമല്ല. എന്നാല്‍ ബശീറിന്റെ മാനറിസവും അനുഭവങ്ങളും ജീവിത പരിസരങ്ങളും എല്ലാം യഥാര്‍ഥമാണ്. അത് എന്റെ കുടുംബക്കാരും അയല്‍വാസികളും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയാണ്. അജ്മലും സലീനയും കുഞ്ഞുമോളും അങ്ങനെത്തന്നെ. നാം ജീവിക്കുന്ന പരിസരത്തുനിന്നുള്ള കഥാപാത്രങ്ങള്‍ കൊണ്ട് നാം പഠിച്ച നമ്മുടെ ചിന്തക്ക് പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്തുമ്പോള്‍ കൂടുതല്‍ അനുഭവവേദ്യമാകും.

? മലയാളസാഹിത്യകാരന്മാര്‍ മാപ്പിള ജീവിതം പറയുമ്പോഴെല്ലാം പ്രവാസം ഒരു പ്രധാനഘടകമായി വരാറുണ്ട്
നിതാഖാത്തിനു മുമ്പ് നമ്മുടെ നാട്ടിലുള്ളവരുടെ അത്രതന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ അംഗങ്ങള്‍ വിദേശത്ത് ഉണ്ടായിരുന്നു. പ്രവാസികള്‍ എന്നു പറയപ്പെടുന്നവര്‍ നാം തന്നെയാണ്. അല്ലെങ്കില്‍ നമ്മോടു ചേര്‍ന്നു നില്‍ക്കുന്ന നമുക്കു വേണ്ടപ്പെട്ടവരാണ്. അപ്പോള്‍ അവരെ ഒഴിവാക്കിയുള്ള ഒരു രചന പൂര്‍ണമാകില്ല. പിന്നെ എന്റെ നോവലില്‍ പ്രവാസം ഒരു സുപ്രധാന ഘടകമാണ്. കാരണം നോവലില്‍ ലോകാവസാനം വരുന്നുണ്ട്. ലോകാവസാനത്തിന്റെ അടയാളങ്ങളായി പ്രവാചകന്‍ പറഞ്ഞ സംഭവങ്ങള്‍ ഏറെക്കുറെ യുണ്ടാകുന്നത് ജസീറത്തുല്‍ അറബിന്റെ പശ്ചാത്തലത്തിലാണ്. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ നേരിട്ടു കാണാന്‍ എന്റെ കഥാപാത്രത്തെ എനിക്കവിടെ എത്തിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള കാരണം കൂടിയാണ് നോവലിലെ പ്രവാസം.

? മുസ്‌ലിമിന്റെ ജീവിതം പരലോകത്ത് ആണെന്നിരിക്കെ, എന്തുകൊണ്ടാകും പരലോകത്തെ കുറിച്ചുള്ള രചനകള്‍ ഇത്രയേറെ വൈകിയത്
രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകത്തില്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ചു പറയുന്നുണ്ട്. പുനത്തിലും ബശീറുമെല്ലാം മുസ്‌ലിം ജീവിതം എഴുതിയിട്ടുണ്ട്. അവയെല്ലാം പരിമിതമാണ്. അവരൊന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ ചരിത്ര, ആത്മീയ, വിശ്വാസ കാര്യങ്ങളിലേക്ക് വിശദമായി പ്രവേശിച്ചിട്ടില്ല. ഇസ്‌ലാമിക അറിവുകളുടെ സഞ്ചാരം ഇസ്‌ലാമിനകത്ത് തുടങ്ങി അകത്തു തന്നെ അവസാനിക്കുകയാണ്. ഞാനെഴുതിയത് ഒന്നുമല്ലെന്ന് എനിക്കറിയാം. അതിലേറെ അറിയുന്ന പണ്ഡിതന്മാരുണ്ട്. “നിങ്ങള്‍ക്ക് ഈ സംഭവം കൂടി ഉള്‍പ്പെടുത്താമായിരുന്നു, ഈ ഗ്രന്ഥം കൂടി നോക്കാമായിരുന്നു” എന്നൊക്കെ പറഞ്ഞ് പലരും വിളിച്ചിരുന്നു. അപ്പോഴാണ് ഈ വിഷയത്തിലെ വൈപുല്യം എനിക്ക് ബോധ്യമാവുന്നത്.

? മുഖ്യധാരാ സാഹിത്യലോകവുമായി ചേര്‍ന്നു നില്‍ക്കണമെങ്കില്‍ മുസ്‌ലിം പാരമ്പര്യ വിശ്വാസധാരക്ക് വിരുദ്ധമാവണമെന്ന തെറ്റിദ്ധാരണ നീക്കാന്‍ “മരണപര്യന്തം” എന്ന നോവലിന് സാധിച്ചു
അതൊരു യാഥാര്‍ഥ്യമാണ്. മുസ്‌ലിം പാരമ്പര്യ വിശ്വാസങ്ങളെ അനുകൂലിച്ച് എഴുതിയാല്‍, അല്ലെങ്കില്‍ അതിനെ അംഗീകരിച്ചു കൊടുത്താല്‍ തങ്ങളുടെ ഇടം നഷ്ടപ്പെടുമോ എന്ന ഭയം പലര്‍ക്കുമുണ്ട്. പാരമ്പര്യ വിശ്വാസത്തെ വ്രണപ്പെടുത്തുക എന്ന ഒരു മാര്‍ക്കറ്റിംഗ് തന്ത്രം കൂടി പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട് എന്ന് തോന്നുന്നു. വിവാദങ്ങളിലൂടെ കച്ചവടം ഉണ്ടാക്കാനുള്ള തന്ത്രങ്ങള്‍. എന്റെ നോവല്‍ സ്വീകരിക്കപ്പെട്ടത് പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത കൊണ്ടാണ്. ഇതുവരെ വായിക്കാത്ത പ്രമേയവും അവതരണവുമണ് നോവലിനെ ആകര്‍ഷിച്ചതെന്നാണ് ഭൂരിഭാഗം വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലായത്. ഒരു തുടക്കക്കാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണമാണ് നോവലിന് ലഭിച്ചത്.

? പാരമ്പര്യ വിശ്വാസ ആശയങ്ങള്‍ ശക്തമായി പറയുന്ന ഫിക്ഷന്‍
പൊതുവെ ഒരു ധാരണയുണ്ട്, മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് വായനക്കാരെന്നും അവരെ തൃപ്തിപ്പെടുത്തി എഴുതിയെങ്കില്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്നുമെല്ലാം. മൗലിദും മാലയും നേര്‍ച്ചയും ഇല്ലാത്ത വരണ്ട ഇസ്‌ലാം യഥാര്‍ഥ ജീവിതത്തിലെന്നല്ല സാങ്കല്‍പ്പിക നോവലില്‍ പോലും അസ്വസ്ഥമാണ്. മാത്രമല്ല അതെല്ലാമാണ് നമ്മുടെ ചരിത്രം. ഇസ്‌ലാമിക ജീവിതത്തിന്റെ പച്ചപ്പുകളാണത്. ഈ പച്ചപ്പുകളില്ലാതെ എങ്ങനെയാണ് യഥാര്‍ഥ ജീവിതം സാധ്യമാകുക. പച്ചപ്പില്ലാത്ത ജീവിതം തികച്ചും വരണ്ടുപോകും. ചരിത്രത്തോടും പാരമ്പര്യ ആശയങ്ങളോടും ആചാരങ്ങളോടും കൂടെയല്ലാതെ ഏതൊരു മതത്തിനും നിലനില്‍പ്പില്ല
എന്റെ നോവല്‍ വായിച്ച് മഅ്ദിനില്‍ നിന്ന് ഖലീല്‍ തങ്ങള്‍ വിളിച്ചിരുന്നു. എന്നെ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ കൊണ്ടുപോയി നോവലിനും എനിക്കും വലിയ സ്വീകരണം തന്നു. ചര്‍ച്ചയുടെ ആദ്യാവസാനം തങ്ങള്‍ തന്നെയായിരുന്നു നേതൃത്വം. ജീവിതത്തില്‍ വലിയ സന്തോഷമുണ്ടാക്കിയ നിമിഷമാണത്. “ഇസ്‌ലാമിന്റെ പാരമ്പര്യ ആശയങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും സത്യസന്ധമായും വിശ്വാസയോഗ്യമായും അവതരിപ്പിച്ചുവെന്നാണ് മരണപര്യന്തം എന്ന നോവലിന്റെ മേന്മ” എന്നാണ് അന്ന് തങ്ങള്‍ നോവലിനെക്കുറിച്ചു പറഞ്ഞത്.

? നമ്മുടെ അറിവുകള്‍ നമ്മില്‍ തന്നെ അവസാനിക്കുന്നുവെന്ന ആശങ്ക ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍ക്കുള്ള സാധ്യതകളിലേക്കുള്ള സൂചനയാണ്
എന്റെ നോവല്‍ വായിച്ച് പല സുഹൃത്തുക്കളും നോവലില്‍ പരാമര്‍ശിച്ച മരണാനന്തര ജീവിതത്തെയും ലോകാവസാനത്തെയും ആത്മാവിന്റെ വ്യവഹാരങ്ങളെയും കുറിച്ച് കൂടുതല്‍ അറിയാനുള്ള മാര്‍ഗം അന്വേഷിച്ച് വിളിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും അവതരണത്തിലും ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ വളരെ കുറച്ചു മാത്രമേ എന്റെ അറിവില്‍ ഗ്രന്ഥങ്ങളുള്ളൂ. നമ്മുടെ വൃത്തത്തിനകത്ത് സുലഭമായ അറിവ് പുറത്ത് ദുര്‍ലഭമായി പോലും ലഭ്യമല്ല. നമ്മുടെ മത പ്രഭാഷണങ്ങള്‍ നമുക്കകത്ത് കൈമാറ്റപ്രക്രിയ കൃത്യമായും നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ അറിവുകള്‍ നഷ്ടപ്പെടാതെ തലമുറകളിലേക്ക് സഞ്ചരിച്ചത്. എന്നാല്‍ ഇവ പുറത്തേക്ക് സഞ്ചരിക്കാനുള്ള മാര്‍ഗങ്ങളോ മാധ്യമങ്ങളോ ഇല്ല. പുറത്തുള്ളവര്‍ക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അവര്‍ക്ക് മനസ്സിലാക്കാവുന്നതും ആസ്വാദിക്കാവുന്നതുമായ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാന്‍ കഴിയണം. യഥാര്‍ഥത്തില്‍ ഇസ്‌ലാമിലെ ഓരോ വിശ്വാസ, ചരിത്ര, കര്‍മ, അനുഷ്ഠാന കാര്യങ്ങളിലെല്ലാം ഒട്ടേറെ ഫിക്ഷന്‍ വര്‍ക്കുകള്‍ക്ക് സാധ്യതയുണ്ട്. എഴുത്തിന്റെ സാധ്യതകളുടെ വലിയ ലോകമാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍.

? സമകാലിക ലോക സാഹചര്യങ്ങളുടെ തുടര്‍ച്ചകള്‍ എന്തായിരിക്കും എന്നതിലേക്കുള്ള ദൃഷ്ടി പായിക്കല്‍ ആണ് താങ്കളുടെ ലോകാവസാനത്തെ കുറിച്ചുള്ള വിവരണം
അത്തരം കാര്യങ്ങളൊന്നും എന്റെ ഭാവനയല്ലെന്നതാണ് സത്യം. അതെല്ലാം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പറഞ്ഞവയാണ്. പിന്നെ പൂര്‍ണമായും ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പിന്‍ബലമാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാണ് മറുപടി. നോവലിന്റെ കഥ പോകേണ്ട റൂട്ടുകളില്‍ അങ്ങനെയും വിശ്വാസത്തിന്റെയും ഗ്രന്ഥങ്ങളുടെയും പിന്‍ബലം വേണ്ടിടത്ത് അങ്ങനെയും ഉപയോഗിച്ചിട്ടുണ്ട്. അത് കൃത്യമായി വായനക്കാരന് മനസ്സിലാകും. ഈസാ നബി ദജ്ജാലിനെ കൊല്ലുന്ന മിലിട്ടറി ബാലറ്റും ആകാശത്തുനിന്ന് ഇറങ്ങി വരും എന്ന് പറയുന്ന വെളുത്ത മിനാരവും ഇന്ന് അവിടങ്ങളില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അത്രമാത്രം അപ്‌ഡേറ്റാണ് നമ്മുടെ പ്രവാചക വചനങ്ങള്‍.

? തുടക്കത്തിലെ ഭാഷാ സൗന്ദര്യവും അലങ്കാരങ്ങളും രണ്ടാം പര്‍വത്തില്‍ അതേ അര്‍ഥത്തില്‍ കാണുന്നില്ലെന്നു പരാതിയുണ്ട്
ഒന്നാം പര്‍വം റിയാലിറ്റിയാണെന്ന് തോന്നും. പക്ഷേ രണ്ടാം പര്‍വത്തില്‍ ഒരുപാട് പരിമിതിയുണ്ട്. ഗ്രന്ഥങ്ങളിലെ കഥകളും പരാമര്‍ശങ്ങളും മാത്രം ഉപയോഗിച്ചുള്ള കഥപറച്ചിലാണത്. ഒരിക്കല്‍പോലും നാം അനുഭവിക്കാത്ത കാര്യങ്ങള്‍ സാങ്കല്‍പ്പികമായിപ്പോലും പറയാനാകില്ല. അതിന് ഗ്രന്ഥങ്ങളുടെ പിന്‍ബലംതന്നെ വേണം. രണ്ടാം പര്‍വത്തിലെ ലോകവും കഥാപാത്രവും തികച്ചും സത്യസന്ധമാകേണ്ടതുണ്ട്. കൂട്ടിക്കലര്‍ത്തലുകളും ഭാവനാ വിലാസങ്ങളും അമിതമായാല്‍ അസത്യമായി പിന്നീട് പരിഗണിക്കാനിടയുണ്ട്. ആ ലോകത്തെ കുറിച്ച് അങ്ങനെ കരുതുന്നതില്‍ അസ്വസ്ഥത തോന്നിയതുകൊണ്ടാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത് അപ്രകാരം തന്നെ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. അപ്പോള്‍ പിന്നെ ഭാവനകള്‍ക്കും പരിമിതി വരും. അത് എന്റെ പ്രമേയത്തിന്റെയും കഥാതന്തുവിന്റെയും പരിമിതിയാണ്.

? ആത്മാവിന്റെ ഡയറിക്കുറിപ്പുകള്‍ നോവലിന് പുതുമയുണ്ടാക്കി
സാധാരണ നോവല്‍ പോലെ ഒന്നാമധ്യായം, രണ്ടാമധ്യായം എന്നിങ്ങനെ ആഖ്യായികയായി തന്നെയാണ് ഞാന്‍ നോവല്‍ എഴുതിയിരുന്നത്. എഴുതി കഴിഞ്ഞപ്പോള്‍ തോന്നി അത് ഡയറിക്കുറിപ്പുകള്‍ ആക്കിയാല്‍ കൂടുതല്‍ ആകര്‍ഷകമാകുമെന്ന്. അതിനുവേണ്ടി വീണ്ടും ഒരുപാട് ജോലിയെടുക്കേണ്ടിവന്നു. പരലോകത്ത് സൂര്യോദയവും അസ്തമയവും ചന്ദ്രനും ഇല്ലാത്തതുകൊണ്ട് ഇവിടുത്തെ സമയം പറ്റില്ലല്ലോ. അങ്ങനെ പ്രവാചകന്‍ പറഞ്ഞ ചില കാലങ്ങള്‍ കണക്കുകൂട്ടി പുതിയ ഒരു കലണ്ടര്‍ നോവലിനു വേണ്ടി നിര്‍മിക്കുകയായിരുന്നു. ചിലതെല്ലാം മനക്കണക്കുമാണ്. അങ്ങനെ ഇതു മാറ്റിയെടുക്കാന്‍ വീണ്ടും ആറ് മാസം വേണ്ടിവന്നു.

? മരണപര്യന്തത്തിന്റെ റിസള്‍ട്ട് എന്തായിരുന്നു
മുസ്‌ലിം, അമുസ്‌ലിം വ്യത്യാസമില്ലാതെ എല്ലാ വായനക്കാരും നോവലിനെ സ്വീകരിച്ചുവെന്നതാണ് വലിയ സന്തോഷം. ഒരുപാട് പേര്‍ വിളിക്കുകയും പലരും വായനാക്കുറിപ്പ് പല മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കുകയും ചെയ്തു. മൂന്ന് മാസത്തിനകം ഒരു തുടക്കക്കാരന്റെ നോവലിന് രണ്ടാം പതിപ്പ് വന്നു എന്നതുതന്നെ നോവലിന്റെ വായനയെയാണ് സൂചിപ്പിക്കുന്നത്. പറഞ്ഞറിയിക്കാനാകാത്ത പ്രതികരണങ്ങളാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്. പിന്നെ നോവലിന്റെ ഇംഗ്ലീഷ്, അറബി പരിഭാഷകള്‍ വരുന്നുണ്ട്. നോവലിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണല്ലോ പരിഭാഷകള്‍ക്ക് തയ്യാറായി മുന്നോട്ടു വന്നത്.

? അടുത്ത നോവല്‍ ഉടന്‍ പ്രതീക്ഷിക്കാമോ
മരണപര്യന്തത്തിന് മുമ്പേ എന്റെ മനസ്സിലുണ്ടായിരുന്ന ഒരു തീം ഉണ്ട്. മറ്റ് പലതുമായി മനസ്സില്‍ വ്യാപൃതമായത് കൊണ്ട് തിരക്കിട്ട് സാധ്യമല്ല. വൈകാതെ പൂര്‍ത്തിയാക്കും. മരണപര്യന്തം പോലെ വ്യത്യസ്തമായതും മലയാളി വായനക്കാര്‍ അനുഭവിക്കാത്തതുമായ പരിസരങ്ങളിലൂടെയാണ് നോവല്‍ പോകുന്നത്. നോവലിന്റെ കഥയും മനസ്സിലിട്ട് ഒരുപാട് യാത്ര ചെയ്യണം. ഒരുപാട് പേരുമായി സംസാരിക്കണം. സ്വതന്ത്രമായി ചിന്തിക്കണം. എങ്കിലേ അതിലൊരു റിയാലിറ്റി തോന്നുകയുള്ളൂ. കഥാപാത്രങ്ങളുടെ യാത്രയും വ്യവഹാരങ്ങളും മനസ്സിലേക്ക് തരുന്നത് ഇത്തരം യാത്രകളിലൂടെയും സംഭാഷണങ്ങളിലൂടെയും ആണ്.
.

Latest