കോഴിക്കോട് വിമാനത്താവളം ഉയരങ്ങള്‍ താണ്ടട്ടെ

ഗള്‍ഫ് കാഴ്ച
Posted on: December 22, 2018 4:08 pm | Last updated: December 22, 2018 at 4:08 pm

കോഴിക്കോട് വിമാനത്താവളം പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. മൂന്നര വര്‍ഷത്തെ അനശ്ചിതത്വത്തിന് ശേഷം, വലിയ വിമാനങ്ങള്‍ ഇടതടവില്ലാതെ വന്നു പോകാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു. 85 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ടാമത്തെ ടെര്‍മിനല്‍, യാത്രക്കാരെ എല്ലാ സൗകര്യങ്ങളോടെയും വരവേറ്റു തുടങ്ങിയിരിക്കുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തതിനാല്‍ കോഴിക്കോടിന് മതിയായ യാത്രക്കാരെ ലഭിക്കില്ലെന്ന വാദം അസ്ഥാനത്താക്കി, വിമാന ടിക്കറ്റിനു ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുന്നു. അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ കൂടി പുനഃലഭ്യമാകുന്നതോടെ കോഴിക്കോട് പുതിയ ഉയരങ്ങളിലേക്ക് കുതിക്കും.

2015 മെയ് ഒന്നിനാണ് ഇന്ത്യന്‍ എയര്‍പോര്‍ട് അതോറിറ്റി കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പെടുത്തിയത്. ബോയിങ് 777, 747 എന്നിങ്ങനെയുള്ള വിമാനങ്ങള്‍ ഇറങ്ങാതെയായി. നിരവധി രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. റണ്‍വേ ബലപ്പെടുത്താനുള്ളത് കൊണ്ടാണ് നിരോധമെന്നും ആറു മാസത്തിനു ശേഷം എല്ലാം പഴയപടിയാകുമെന്നും അധികൃതര്‍ ഉറപ്പു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കോഴിക്കോടിനെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണെന്ന് പല ഭാഗത്തുനിന്നും ആക്ഷേപമുയര്‍ന്നു. കോഴിക്കോട് വിമാനത്താവളം താരതമ്യേന ചെറുതാണെങ്കിലും കേന്ദ്ര ഭരണ കൂടത്തിനു ലാഭം നേടിക്കൊടുക്കുന്ന അപൂര്‍വം വിമാനത്താവളങ്ങളില്‍ ഒന്നാണ്. എന്നിട്ടും റണ്‍വേ വികസനത്തിന് ഗൗരവമായ ശ്രമവും നടത്താത്തതും മറ്റും സംശയം ജനിപ്പിച്ചിരുന്നു. വിമാനത്താവള പരിസരത്ത് 1500 ലധികം കുടുംബങ്ങള്‍ ഉണ്ട്. റണ്‍വേ വികസനത്തിന് 385 ഏക്കര്‍ ഏറ്റെടുക്കുമ്പോള്‍ ഇവരെ ഒഴിപ്പിക്കണം. ന്യായ വില തന്നാല്‍ ഒഴിഞ്ഞു പോകാമെന്നു മനസ്സില്ലാ മനസ്സോടെ അവരൊക്കെ സമ്മതിച്ചിട്ടും വികസനപ്രക്രിയക്കു ഗതി വേഗം കിട്ടുന്നില്ല. ആധുനിക കാലത്തു നഗര വളര്‍ച്ചയില്‍, വാണിജ്യ പുരോഗതിയില്‍, വിനോദ സഞ്ചാര വികസനത്തില്‍, തൊഴില്‍ ലഭ്യതയില്‍ വിമാനത്താവളങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതൊക്കെ കണ്ടറിഞ്ഞു മലബാര്‍ ഡെവലപ്‌മെന്റ് ഫോറം അടക്കമുള്ള സംഘടനകള്‍ കോഴിക്കോട്ടും മലയാളികള്‍ ഏറെയുള്ള വിദേശ രാജ്യങ്ങളിലും വലിയ ബോധവത്കരണം നടത്തുന്നു.

എസ് വൈ എസ്, കെ എം സി സി പോലുള്ള സംഘടനകള്‍ ഐക്യ ദാര്‍ഢ്യവുമായി രംഗത്തുണ്ട്. യു എ ഇ പ്രവാസി ആയിരുന്ന കെ എം ബഷീറിന്റെ നേതൃത്വത്തിലുള്ള ഡെവലപ്‌മെന്റ് ഫോറം നിരന്തര പ്രക്ഷോഭത്തിലാണ്. കോഴിക്കോട്ട് നിന്ന് രാജ്യാന്തര സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 2006 ല്‍അവര്‍ നടത്തിയ സമരം ഫലം കണ്ടതാണ്. റണ്‍വേ റീ കാര്‍പറ്റിങ് പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മടികാണിച്ചപ്പോള്‍ ബഹുജന സമരം തന്നെ ഉടലെടുത്തു. എല്ലാ രാഷ്ട്രീയ കക്ഷികളും അണിചേര്‍ന്നു. മൂന്നര വര്‍ഷത്തെ മെല്ലെപ്പോക്ക് കോഴിക്കോടിന്റെ സാമ്പത്തിക സാമൂഹിക മേഖലക്ക് വരുത്തി വെച്ച നഷ്ടം ചെറുതല്ല. വിമാനത്താവളം ചുറ്റിപ്പറ്റി ജീവിച്ചിരുന്ന അനേകം പേര്‍ പട്ടിണിയിലായി. കയറ്റിറക്കുമതി ക്ഷീണിച്ചു.

ഹജ്ജ് തീര്‍ഥാടകര്‍ വലഞ്ഞു. കോഴിക്കോടും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ അവിഭാജ്യമായ ബന്ധമുണ്ട്. അതിനെ കണ്ണിമുറിയാതെ കാത്തു സൂക്ഷിക്കുന്നത് കോഴിക്കോട് വിമാനത്താവളമാണ്. അക്കാര്യത്തിലും വിരഹ സമാന സ്ഥിതിയായി. മലബാറില്‍ നിന്നുള്ള ജനപ്രതിനിധികളും സാമൂഹിക സംഘടനകളും കേരള ഭരണ കൂടവും നിരന്തരം സമ്മര്‍ദം ചെലുത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന വകുപ്പ് (ഡി ജി സി എ) ഈ വര്‍ഷം ഓഗസ്റ്റില്‍ നിര്‍ദേശം നല്‍കി. സഊദി എയര്‍ലൈന്‍സ് ഉടന്‍ രംഗത്തു വന്നു. ഈ മാസം അഞ്ചിന് എയര്‍ബസ് 330 -300 ഇറക്കി. നേരത്തെ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് അടക്കം എയര്‍ലൈനറുകള്‍ വലിയ വിമാനങ്ങള്‍ കോഴിക്കോട്ട് നിന്നും തിരിച്ചും സര്‍വീസ് നടത്തിയിരുന്നതാണ്. അവയൊക്കെ പുനഃസ്ഥാപിക്കണം. ബജറ്റ് എയര്‍ലൈനറായ ഫ്ളൈ ദുബൈ ഫെബ്രുവരി ഒന്നിന് കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങും. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് പുറപ്പെടുക.കോഴിക്കോട്ടു നിന്ന് പുലര്‍ച്ചെ 3.05 നാണു തിരിച്ചു പറക്കുക. ആഴ്ചയില്‍ മൂന്നു ദിവസമാണ് ഉണ്ടാവുക. ഇത് പക്ഷേ എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വന്‍കിട എയര്‍ലൈനറുകളുടെ സര്‍വീസുകള്‍ക്ക് തുല്യമാകുന്നില്ല. എന്നിരുന്നാലും അല്‍പം ആശ്വാസം.

ഗള്‍ഫില്‍ കേരളയാത്ര എന്ന് കേള്‍ക്കുമ്പോള്‍ അറബികളുടെ മനസ്സില്‍ ആദ്യം ഉയരുന്ന വാക്ക് കോഴിക്കോട് വിമാനത്താവളം എന്നാണ്. അവരുടെ ഇഷ്ട സ്ഥലമാണ് കോഴിക്കോട്. നൂറ്റാണ്ടുകളായി ഉള്ള ബന്ധത്തിന്റെ തുടര്‍ച്ചയാണത്. ഇതൊക്കെ കൊണ്ട് തന്നെ കോഴിക്കോട്, അഥവാ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ഇനിയും തുടരേണ്ടതുണ്ട്. 1977ല്‍ തുടങ്ങിയ, 1988ല്‍ രാജ്യാന്തര വിമാനത്താവള പദവി നേടിയെടുത്ത കോഴിക്കോട്, ഇങ്ങനെ ആയാല്‍ പോരെന്ന അഭിപ്രായം പരക്കെയുണ്ട്. റണ്‍വേ നീളം കൂട്ടാന്‍ സ്ഥലമെടുപ്പും നിര്‍മാണപ്രവര്‍ത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ വേണം. ലോകമെങ്ങുമുള്ള കേരളീയരുടെയാകെ ആഗ്രഹമാണ്.