വൈസനിയാരവ’ത്തിന് പ്രൗഢ സമാപനം

Posted on: December 21, 2018 9:26 pm | Last updated: December 22, 2018 at 10:32 am
മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈസനിയാരവത്തിന് മഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ജനഹൃദയങ്ങളില്‍ വൈസനിയത്തിന്റെ അലയൊലികള്‍ തീര്‍ത്ത് വൈസനിയാരവത്തിന് സമാപനം. നാടും നഗരവും പിന്നിട്ട് മൂന്ന് ദിനങ്ങളിലായി 15 കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ വൈസനിയാരവത്തിന് ആവേശോജ്ജ്വല വരവേല്‍പ്പാണ് വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ചത്. ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൊതുജനം ഏറ്റെടുത്തതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടത്തിയ വൈസനിയാരവത്തിന് ലഭിച്ച വരവേല്‍പ്പ്.

സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനുമുള്ള സൗഹൃദ വേദിയായിരുന്നു വൈസനിയാരവം സ്വീകരണ കേന്ദ്രങ്ങള്‍. മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് വിവിധ കേന്ദ്രങ്ങളില്‍ ആശിര്‍വാദവുമായെത്തിയത്. മഅ്ദിന്‍ മുന്നോട്ട് വെക്കുന്ന സംരംഭങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സമൂഹം വൈസനിയം സമ്മേളനവും ചരിത്ര സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്. അതിനുള്ള മുന്നൊരുക്കമായാണ് വൈസനിയാരവം സമ്മേളനങ്ങള്‍. ഇനി എല്ലാ കണ്ണുകളും സ്വലാത്ത് നഗറിലേക്കാണ്.

സമാപന ദിവസമായ ഇന്നലെ മഞ്ചേരിയില്‍ നിന്ന് തുടക്കം കുറിച്ച വൈസനിയാരവം മാപ്പിളകല അക്കാദമി ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീധരന്‍ നായര്‍ മുഖ്യാഥിതിയായി. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

അരീക്കോട് നടന്ന വൈസനിയാരവം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി എച്ച് തങ്ങള്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടിയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

വൈസനിയാരവം സമാപന സമ്മേളനം വൈകുന്നേരം ആറിന് മലപ്പുറത്ത് നടന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വള്ളുവമ്പ്രത്ത് നിന്നും സമാപന സമ്മേളന വേദിയായ മലപ്പുറത്തേക്ക് വൈസനിയാരവത്തെ ആനയിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വൈസനിയം പ്രഭാഷണവും കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.