തൊഴില്‍ തട്ടിപ്പ്; ഭക്ഷണവും കിടക്കാനിടമില്ലാതെ ഇവര്‍ അന്തിയുറങ്ങുന്നത് പള്ളി വരാന്തയില്‍

Posted on: December 21, 2018 3:54 pm | Last updated: December 21, 2018 at 3:54 pm

അബുദാബി: നിര്‍മാണ മേഖലയില്‍ പ്രതിമാസം 1,500 ദിര്‍ഹം വരെ വേതനം വാഗ്ദാനം ചെയ്ത് യു എ ഇയില്‍ എത്തിച്ച തൊഴിലാളികള്‍ വേലയും കൂലിയുമില്ലാതെ തെരുവില്‍ അന്തിയുറങ്ങുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുര സ്വദേശികളായ അജിത് രഞ്ചന്‍ മജുംദാര്‍, മജൂംദറിന്റെ മകന്‍ അഭിജിത് മജുംദാര്‍ (23), സുഹൃത്ത് ദെദാസിഷ് ദേബ്മാത് (26) എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ചെന്നൈയിലെ റിക്രൂട്‌മെന്റ് ഏജന്റാണ് കബളിപ്പിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

ഭക്ഷണം, താമസം, ശമ്പളം ഒന്നുമില്ലാതെ നഗരത്തിലെ പള്ളിയുടെ സമീപത്താണ് ഇപ്പോള്‍ ഇവര്‍ അന്തിയുറങ്ങുന്നത്. ജോലി വിസക്കായി ഓരോ ആളില്‍ നിന്നും 130,000 രൂപയാണ് ഏജന്റ് കൈപ്പറ്റിയത്. ശമ്പളത്തിന് പുറമെ താമസവും, ഭക്ഷണവും ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു. തൊഴില്‍ വിസക്കായി ഏജന്റ് പറഞ്ഞ കാശ് നല്‍കിയ ഞങ്ങള്‍ ആദ്യം തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയത് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ്. വാഗ്ദാനം ചെയ്തിരുന്ന തൊഴില്‍ വിസക്ക് പകരം, ഒരു മാസത്തെ ടൂറിസ്റ്റ് വിസയാണ് ഞങ്ങളുടെ കൈയില്‍ ലഭിച്ചത്, കബളിപ്പിക്കപ്പെട്ട അജിത് രഞ്ചന്‍ മജുംദാര്‍ പറഞ്ഞു.

യു എ ഇയില്‍ മതിയായ പണം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ വിസക്ക് കാശ് നല്‍കുന്നതിന് പിതാവും ഞാനും എന്റെ ഒരേയൊരു സ്രോതസ്സായ ഇരുചക്രവാഹന, മെക്കാനിക്കല്‍ ഷോപ്പ് വില്‍ക്കുകയും എന്റെ സുഹൃത്തുക്കളില്‍ നിന്നും പണമിടപാടുകാരില്‍നിന്നും വായ്പ എടുത്തുമാണ് ഇത്രയും വലിയ തുക ഏജന്റിന് നല്‍കിയത്, അഭിജിത്ത് പറഞ്ഞു. സെപ്തംബര്‍ എട്ടിന് ഷാര്‍ജയില്‍ എത്തിയ ഇവര്‍ ഒരു മാസം അവിടെ ചിലവഴിച്ചതിന് ശേഷം ഫുജൈറയിലേക്ക് മാറുകയായിരുന്നു. എംബസിയില്‍ പരാതി നല്‍കാന്‍ എത്തിയ ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് അവരുടെ ദുരന്തത്തെകുറിച്ച് പറഞ്ഞു.

ഒരു മാസത്തെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ തൊഴില്‍ വിസ ലഭ്യമാക്കുന്നതിന് ഏജന്റ് വീണ്ടും 3000 ദിര്‍ഹം ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു. ഏജന്റിന്റെ ഉപദ്രവം ശക്തമായതോടെയാണ് എംബസിയില്‍ പരാതി നല്‍കുന്നതിനാണ് ഇവര്‍ രണ്ട് ദിവസം മുമ്പ് അബുദാബിയിലെത്തിയത്. ഭക്ഷണവും, കിടക്കാന്‍ സ്ഥലവുമില്ലാതെ ഒരു പള്ളിയുടെ പുറത്താണ് ഞങ്ങളുടെ താമസം അഭിജിത് പറഞ്ഞു.