Connect with us

National

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

Published

|

Last Updated

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ സി ബി ഐ പ്രത്യേക കോടതി വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ആരോപണങ്ങള്‍ ബോധ്യപ്പെട്ടില്ലെന്നും കോടതി വ്യക്തമാക്കി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.

13 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നത്. ഇക്കഴിഞ്ഞ അഞ്ചിനാണ് വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ സി ബി ഐ കോടതി ജഡ്ജി എസ് ജെ ശര്‍മ മാറ്റിയിരുന്നത്.

സൊഹ്‌റാബുദ്ദീനൊപ്പം ഭാര്യ കൗസര്‍ബി, സുഹൃത്ത് തുള്‍സിറാം പ്രജാപതി എന്നിവരും കൊല്ലപ്പെട്ടിരുന്നു. സൊഹ്‌റാബുദ്ദീനെയും പ്രജാപതിയെയും രാജസ്ഥാന്‍, ആന്ധ്രപ്രദേശ് പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലിലും കൗസര്‍ബിയെ പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കൗസര്‍ബിയുടെ മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു.

38 പേരാണ് കേസില്‍ പ്രതികളായിരുന്നത്. ഇതില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെ 16 പേരെ കോടതി നേരത്തെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. വിചാരണക്കിടെ സാക്ഷികള്‍ ഭൂരിഭാഗവും പ്രതി ഭാഗത്തേക്ക് കൂറുമാറുകയും ചെയ്തു. വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിന്റെ ഭാഗമായിരുന്നു സൊഹ്‌റാബുദ്ദീനും പ്രജാപതിയുമെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. രാഷ്ട്രീയക്കാരും പോലീസുമെല്ലാം ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിരുന്നു.

2005ല്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സൊഹ്‌റാബുദ്ദീനെ പോലീസ് പിടിച്ചുകൊണ്ടുപോയത്. പിന്നീട് ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തി. 2005 നവംബറില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ ത്വയ്യിബ തീവ്രവാദിയെന്ന് ആരോപിച്ച് സൊഹ്‌റാബുദ്ദീനെയും പിന്നീട് പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.

ഗുജറാത്ത് സി ഐ ഡി ആയിരുന്നു ആദ്യ കേസന്വേഷിച്ചിരുന്നത്. 2012ല്‍ സി ബി ഐ കേസ് ഏറ്റെടുത്തു. ഗുജറാത്തില്‍ സ്വതന്ത്ര വിചാരണ നടക്കില്ലെന്ന് സി ബി ഐ സൂചിപ്പിച്ചതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ മുംബൈയിലേക്കു മാറ്റുകയായിരുന്നു.
.

Latest