നിയമ ലംഘനങ്ങള്‍ക്കെതിരെ പോലീസ്‌ബോധവത്കരണം: സിറാജ് പങ്ക് ശ്ലാഘനീയം

Posted on: December 19, 2018 12:46 pm | Last updated: December 19, 2018 at 12:46 pm

ഷാര്‍ജ: നിയമ ലംഘനങ്ങള്‍ക്കെതിരെ സിറാജ് ദിനപത്രം നടത്തുന്ന ബോധവത്കരണം ശ്ലാഘനീയമാണെന്ന് ഷാര്‍ജ പോലീസ് പ്രസിദ്ധീകരണ വിഭാഗം മേധാവി ക്യാപ്റ്റന്‍ അഹ്മദ് അല്‍ ഹമ്മാദി പറഞ്ഞു. ഷാര്‍ജ പോലീസ് ആസ്ഥാനത്ത് ശരീഫ് കാരശ്ശേരി, കെ എം അബ്ബാസ്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് എന്നിവരടങ്ങുന്ന സിറാജ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊക്കമുള്ള താമസ കെട്ടിടങ്ങളില്‍ കൊച്ചു കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് വ്യാപക ബോധവത്കരണം ആരംഭിച്ചിട്ടുണ്ടെന്നു ക്യാപ്റ്റന്‍ അഹ്മദ് അല്‍ ഹമ്മാദി പറഞ്ഞു. പല ഭാഗങ്ങളിലും കെട്ടിടത്തില്‍ നിന്ന് വീണ് ആളുകള്‍, വിശേഷിച്ചു. കുട്ടികള്‍ മരിക്കുന്നത് സമൂഹത്തിന് തന്നെ വലിയ ആഘാതം ആവുകയാണ്. പലപ്പോഴും രക്ഷിതാക്കളുടെ അശ്രദ്ധയാണ് ദുരന്തങ്ങള്‍ക്ക് കാരണം. കുട്ടികളുടെ മേല്‍ എപ്പോഴും ശ്രദ്ധ വേണമെന്നാണ് പോലീസിന് അഭ്യര്‍ഥിക്കാനുള്ളത്. ജനലിനരികില്‍ ഫര്‍ണിച്ചര്‍ സജ്ജീകരിക്കരുത്. കുട്ടികള്‍ ഇവയില്‍ കയറി ജനല്‍ വഴി പുറത്തിറങ്ങാന്‍ ശ്രമിക്കും. ഇത് അപകടത്തിന് കാരണമാകും. മറ്റൊന്ന്, അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും സൈക്കിള്‍ സവാരിക്കാര്‍ ഗതാഗത നിയമം പാലിക്കാത്തതുമാണ്. ഇവ രണ്ടും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിശ്ചിത സ്ഥലത്തുകൂടിയല്ലാതെ റോഡ് മുറിച്ചു കടക്കരുത്. വിദേശി സമൂഹമാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നതില്‍ കൂടുതല്‍. ലക്കും ലഗാനുമില്ലാതെ സൈക്കിള്‍ ഓടിക്കുന്നതും അപകടം വരുത്തിവെക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ മാധ്യമങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ സ്ട്രാറ്റജി ആന്‍ഡ് എക്‌സലന്‍സ് ബ്രാഞ്ചിലെ ഫസ്റ്റ് വാറന്റ് ഓഫിസര്‍ നദ സൈഫ് അല്‍ ശംസിയും സന്നിഹിതയായിരുന്നു.