വിഎസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി കേന്ദ്ര കമ്മറ്റി; പികെ ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല

Posted on: December 16, 2018 6:53 pm | Last updated: December 16, 2018 at 7:28 pm

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണ പരാതിയില്‍ പികെ ശശി എംഎല്‍എക്കെതിരായ പാര്‍ട്ടി നടപടി സിപിഎം കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. ശശിക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്നും കേന്ദ്ര കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ കമ്മിഷന്‍ കണ്ടെത്തലിനെത്തുടര്‍ന്ന് ശശിയെ സംസ്ഥാന ഘടകം ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ നേതാവായ യുവതിയുടെ പരാതിയിലായിരുന്നു നടപടി.

യുവതിയോട് ഫോണില്‍ സംസാരിച്ച രീതി ശരിയല്ലെന്ന് കണ്ടെത്തിയാണ് നടപടി. എന്നാല്‍ ശശിക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയാണ് കേന്ദ്ര കമ്മറ്റി തീരുമാനം. ശശിക്കെതിരെ നടപടിയെടുത്തുവെങ്കിലും യുവതിക്കെതിരായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം ഭാഗവും. പരാതി യുക്തിസഹമല്ലെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തല്‍.