Connect with us

National

റഫേല്‍ ഇടപാട്: തെറ്റായ വിവരങ്ങള്‍ നല്‍കി കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആനന്ദ് ശര്‍മ

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച് വീണ്ടും കോണ്‍ഗ്രസ്. കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും മുതിര്‍ന്ന കോണ്‍. നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. നടപടികളില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ഇടപാടില്‍ അഴിമതി നടന്നുവെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും പ്രായശ്ചിത്തമായി ഭരണകക്ഷി ഗംഗാ സ്‌നാനം ചെയ്യേണ്ടി വരുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. വിഷയത്തില്‍ കോടതിയില്‍ വീണ്ടും ഹരജി നല്‍കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
കോടതി വിധിയില്‍ ഒരുപാട് പിശകുകളുണ്ടെന്ന് കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

വിഷയം സംയുക്ത പാര്‍ലിമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.