Connect with us

National

റാഫേലില്‍ കുരുക്കഴിയാതെ കേന്ദ്ര സര്‍ക്കാര്‍; വിധി തിരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ വസ്തുതാപരമായ പിഴവുണ്ടെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ രണ്ട് വാചകങ്ങള്‍ തെറ്റായി വായിച്ചുവെന്നും വിധിയിലെ സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച പരാമര്‍ശങ്ങള്‍ തിരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിധിലെ 25ാം ഖണ്ഡികയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ കബളിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് കേന്ദ്ര നീക്കം.

റാഫേല്‍ യുദ്ധവിമാനങ്ങളുടെ വിലവിവരം സി.എ.ജിക്ക് കൈമാറിയെന്നത് ശരിയാണ്. എന്നാല്‍ ഇക്കാര്യം സി.എ.ജി പരിശോധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ രണ്ട് വരികള്‍ കോടതി തെറ്റായി വായിക്കുകയായിരുന്നു. ഇത് തിരുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അടുത്ത മാസം രണ്ടിന് തിരുത്തല്‍ ആവശ്യം കോടതിയില്‍ പരാമര്‍ശിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

റാഫേല്‍ വിമാനത്തിന്റെ വിലവിവരം സി.എ.ജിക്ക് നല്‍കിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ടെന്നും വിധിയുടെ 25ാം പേജില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പാര്‍ലമെന്റില്‍ വച്ചിട്ടുണ്ടെന്നും അത് പൊതുസമൂഹത്തിലുണ്ടെന്നും കോടതി പറയുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ റാഫേലുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ വ്യക്തമാക്കി. ഹരജികളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് സി എ ജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹരജിക്കാര്‍ പ്രതികരിച്ചിരുന്നു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടില്ലെന്ന് ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി ഇന്നലെയാണ് ഇത്തരവിട്ടത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിശാന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരജി തള്ളിയത്.

റാഫേല്‍ വിമാന ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ, എസ് ഐ ടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം എല്‍ ശര്‍മ, വിനീത ധന്‍ഡെ, മുന്‍ കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി എം പി സഞ്ജയ് സിംഗ് എന്നിവരാണ് ഹരജി നല്‍കിയിരുന്നത്. 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പകരം ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് 36 വിമാനങ്ങള്‍ മാത്രം വാങ്ങാന്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുണ്ടാക്കിയ കരാറിലും ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഉള്‍പ്പെട്ടതിലും അഴിമതിയുണ്ടെന്നായിരുന്നു ഹരജിക്കാര്‍ ആരോപിച്ചിരുന്നത്.

റാഫേല്‍ ഇടപാടിനായി തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ സംശയമില്ലെന്ന് തൃപ്തികരമായ വിധത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. തീരുമാനങ്ങള്‍ കൈക്കൊണ്ടതിലും വിലനിര്‍ണയത്തിലും ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുത്തതിലും ഇടപെടാനാകില്ല. വിമാനങ്ങള്‍ വാങ്ങാനുള്ള നടപടിയില്‍ സംശയം ഉന്നയിക്കേണ്ട സാഹചര്യം നിലവിലില്ല. 126 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് പകരം എന്തുകൊണ്ട് 36 വിമാനങ്ങള്‍ എന്ന ചോദ്യത്തിന്റെ വിവേകത്തിലേക്ക് കടക്കാന്‍ കോടതിക്ക് കഴിയില്ല. പ്രതിരോധ ഇടപാടുകളില്‍ വില വിശദാംശങ്ങള്‍ താരതമ്യം ചെയ്യല്‍ കോടതിയുടെ പണിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.