തമിഴ്‌നാട്ടിലെ സ്‌റ്റെറിലൈറ്റ് പ്ലാന്റ് പൂട്ടിയ സര്‍ക്കാര്‍ നടപടി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി

Posted on: December 15, 2018 5:56 pm | Last updated: December 15, 2018 at 5:56 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭത്തിന് ഇടനല്‍കിയ വേദാന്ത സ്‌റ്റെറിലൈറ്റ് ഫാക്ടറി അടച്ചുപൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി. വേദാന്തയുടെ അനുമതി പത്രം മൂന്നാഴ്ചക്കകം പുതുക്കിനല്‍കണമെന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് വര്‍ഷക്കാലയളവില്‍ ഫാക്ടറിയുടെ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ചെലവഴിക്കണമെന്ന് കമ്പനിക്ക് ട്രബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യം, കുടിവെള്ളം, ആശുപത്രി തുടങ്ങിയ മേഖലകളില്‍ തുക ചെലവഴിക്കാമെന്ന് കമ്പനി ട്രിബ്യൂണലിനെ അറിയിച്ചു. ഇതോടെ ഫാക്ടറി വീണ്ടും തുറക്കാന്‍ കളമൊരുങ്ങി.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെയാണ് ഫാക്ടറിക്ക് പൂട്ടിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഫാക്ടറി വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.