രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോത് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപ മുഖ്യമന്ത്രി

Posted on: December 14, 2018 5:40 pm | Last updated: December 14, 2018 at 9:19 pm

ന്യൂഡല്‍ഹി: മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കു വിരാമമായി. മൂന്നാം തവണയും അശോക് ഗെഹ്‌ലോത്തിനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ സജീവമായി രംഗത്തുണ്ടായിരുന്ന പ്രദേശ് കോണ്‍. കമ്മിറ്റി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണ് ഉപ മുഖ്യമന്ത്രി. എ ഐ സി സി ജന. സെക്ര. കെ സി വേണുഗോപാലാണ് തീരുമാനം പാര്‍ട്ടി ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തോണ്‍ കൂടിയാലോചനകള്‍ക്കു ശേഷമാണ് അനിശ്ചിതത്വം നീങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്കു അവകാശവാദവുമായി ഉറച്ചുനിന്ന ഗെഹ്‌ലോട്ടിനെയും പൈലറ്റിനെയും പാര്‍ട്ടി നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. ഇന്ന് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും പ്രശ്‌നം പരിഹരിക്കാന്‍ സഹായകമായി.