ബി ജെ പി നേതാവിനെന്ത് ഹര്‍ത്താല്‍; പൊതു ജനത്തെ പരിഹാസ്യരാക്കി എ എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര

Posted on: December 14, 2018 4:43 pm | Last updated: December 14, 2018 at 7:48 pm

തിരുവനന്തപുരം: ബി ജെ പിയുടെ നിരാഹാര പന്തലിനു സമീപത്തു നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം ദുരിതം പേറുമ്പോള്‍ നേതാവ് കാറില്‍ യാത്ര ചെയ്തത് വിവാദമായി. ബി ജെ പി സംസ്ഥാന ജന. സെക്ര. എ എന്‍ രാധാകൃഷ്ണനാണ് സഹോദരന്റെ മകളുടെ വിവാഹത്തിന് കാറില്‍ സഞ്ചരിച്ച്, ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ചത്. രാധാകൃഷ്ണന്റെ കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.

കൊച്ചിയിലെ പേട്ട ശ്രീപൂര്‍ണ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ രാധാകൃഷ്ണന്‍ കാറില്‍ പോകുന്നതും മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഹര്‍ത്താലില്‍ വാഹന സൌകര്യമില്ലാത്തതിനാലും കടകള്‍ തുറക്കാത്തതിനാലും വലഞ്ഞ ജനങ്ങളെ പരിഹസിക്കുന്നതായി ബി ജെ പി നേതാവിന്റെ കാര്‍ യാത്ര. അയ്യപ്പ ഭക്തര്‍ ഉള്‍പ്പടെ നിരവധി പേരാണ് വാഹനം കിട്ടാതെ ബുദ്ധിമുട്ടിയത്.

പെട്ടെന്നുള്ള ഹര്‍ത്താലിനെതിരെ ജനങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സാമൂഹിക മാധ്യമങ്ങള്‍ ബി ജെ പി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളാലും ട്രോളുകളാലും നിറഞ്ഞു.