ഏത് വിധേനെയും ബലിദാനികളെ സ്യഷ്ടിക്കാന്‍ ശ്രമം ; ബിജെപി ഹര്‍ത്താല്‍ ജനം തള്ളി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: December 14, 2018 10:20 am | Last updated: December 14, 2018 at 11:01 am

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏത് വിധേനെയും ബലിദാനികളെ സ്യഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ത്താലെന്നും മന്ത്രി പറഞ്ഞു. സ്വയം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ വേണുഗോപാലന്‍ നായരുടെ കുടുംബം ഇടതുപക്ഷ അനുഭാവികളാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

വേണുഗോപാലന്‍ നായരുടെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇദ്ദേഹം മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് മനസിലാക്കാനായി. ഹര്‍ത്താലിനെതിരെ ജനകീയ മുന്നേറ്റം വേണം. ഹര്‍ത്താലില്‍നിന്നും തീര്‍ഥാടകരെ ഒഴിവാക്കിയെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. ബിജെപിയുടേത് ഭ്രാന്തമായ നിലപാടാണെന്നും മന്ത്രി ആരോപിച്ചു.