കശ്മീരില്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത് ഹൈദറിലെ ബാലതാരം

Posted on: December 14, 2018 10:05 am | Last updated: December 14, 2018 at 12:38 pm

ശ്രീനഗര്‍: ഹിന്ദി സിനിമയില്‍ ബാലതാരമായി അഭിനയിച്ച കശ്മീരി ബാലന്‍ സൈന്യവുമായുണ്ടായ ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ടു. ഷാഹിദ് കപൂര്‍ നായകനായ ഹിന്ദി ചലച്ചിത്രം ‘ഹൈദറി’ല്‍ ബാലതാരമായി അഭിനയിച്ച സാഖിബ് ബിലാല്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്‍പതിന് ബന്ദിപോറയിലെ ഹാജിനില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം ഒരു ലശ്കറെ ത്വയ്ബ ഭീകരനെയും ഭീകരസംഘത്തിന് ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയും വധിച്ചിരുന്നു. കുട്ടികളില്‍ ഒരാള്‍ സാഖിബ് ബിലാലും മറ്റൊരാള്‍ സമീപവാസിയായ ഒന്‍പതാം ക്ലാസുകാരനുമാണെന്ന് കഴിഞ്ഞ ദിവസമാണു തിരിച്ചറിഞ്ഞത്.

നാല് മാസം മുന്‍പ് ബിലാല്‍ വീട്ടില്‍നിന്ന്അപ്രത്യക്ഷനായിരുന്നു.ബിലാലിനായി ബന്ധുക്കള്‍ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണു സംഭവം. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവരാണ് ബിലാലിന്റെ കുടുംബം. ഒപ്പം കൊല്ലപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ സമീപത്തെ ദരിദ്ര കുടുംബത്തില്‍നിന്നുള്ളയാളാണ്. ഡിസ്റ്റിങ്ഷനോടെ പത്താം ക്ലാസ് പാസായ ബിലാല്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.