സഊദിയില്‍ ലെവി പുനപരിശോധിക്കുന്നുവെന്ന പ്രചാരണം തെറ്റ്

Posted on: December 13, 2018 2:07 pm | Last updated: December 13, 2018 at 2:07 pm

ദമ്മാം: വിദേശികളുടെയും അവരുടെ ആശ്രിതരുടെയും മേല്‍ ഏര്‍പ്പെടുത്തിയ ലെവി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന കാര്യം പുന പരിശോധിക്കുന്നതായുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് സഊദി വാര്‍ത്താ വിനിമയ മന്ത്രി ഡോക്ടര്‍ അവാദ് അല്‍ അവാദ് അറിയിച്ചു.
ലെവി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന കാര്യം സഊദി സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നതായി ചില ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ചു പലമാധ്യമങ്ങളും രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െ നിജസ്ഥിതിയെ കുറിച്ച് ബ്ലൂമെര്‍ഗ് എന്ന വിദേശ പത്രം രേഖാമൂലം ചോദിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലെവി ഏര്‍പ്പെടുത്തിയത് മൂലം രാജ്യത്ത് നിന്നും വന്‍ തോതില്‍ വിദഗ്ദര്‍ കൊഴിഞ്ഞു പോവുന്നുവെന്ന കാരണത്താല്‍ ലെവി ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നു എന്നായിരുന്നു പ്രചാരണം. നിലവില്‍ ഇത്തരത്തില്‍ ഒരു ആലോചനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലെവി ഒഴിവാക്കുന്നതായി ഇതിനുമുമ്പും തെറ്റായ പ്രചാരണങ്ങള്‍ നടന്നിരുന്നു.

സഊദി മന്ത്രിസഭയാണ് വിദേശികളുടെ മേല്‍ ലെവി ഏര്‍പ്പെടുത്തിയത്. ലെവി കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനു മന്ത്രിസഭയോ സഊദി ഭരണാധികാരിയോ ഉത്തരവിറക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.