തെലങ്കാനയില്‍ കെ സി ആര്‍ തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ഉച്ചക്ക്

Posted on: December 12, 2018 5:03 pm | Last updated: December 12, 2018 at 9:27 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു നാളെ ഉച്ചക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ 1.34നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

തുടര്‍ച്ചയായി രണ്ടാം തവണയാണ് റാവു മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നത്. ചില മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു വിവരം. ജ്യോതിഷികളുടെ നിര്‍ദേശ പ്രകാരമാണ് ചടങ്ങിന്റെ സമയം 1.34 ആയി തീരുമാനിച്ചത്. ജ്യോതിഷികളുടെ ഉപദേശമനുസരിച്ചു തന്നെയാണ് ഒമ്പതു മാസം മുമ്പ് തന്റെ മന്ത്രിസഭ പിരിച്ചുവിട്ട് ചന്ദ്രശേഖര റാവു തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 119ല്‍ 88 സീറ്റാണ് ടി ആര്‍ എസ് സ്വന്തമാക്കിയത്.