അഷ്‌കറിനും ദില്‍ജുവിനും അഞ്ചിനങ്ങളിലും എ ഗ്രേഡ്

    Posted on: December 9, 2018 10:04 pm | Last updated: December 9, 2018 at 10:04 pm


    ആലപ്പുഴ: മത്സരിച്ച അഞ്ച് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കുക എന്ന അപൂര്‍വ നേട്ടത്തിനുടമയായിരിക്കുകയാണ് ദില്‍ജുവും അഷ്‌കറും. വടക്കേക്കാട് ഐസിഎ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഇ എസ് അഷ്‌കര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, അറബി ഗാനം, അറബി സംഘഗാനം, ഉറുദു സംഘഗാനം, വട്ടപ്പാട്ട് എന്നീ അഞ്ച് ഇനങ്ങളിലാണ് മത്സരിച്ചത്. വടക്കേക്കാട് കല്ലൂര്‍ സ്വദേശികളായ ഷബീര്‍ ഫാത്തിമ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. മുന്‍വര്‍ഷങ്ങളിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് അറബിഗാനം, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഈ വര്‍ഷം നടന്ന എസ്എസ്എഫ് സാഹിത്യോത്സവ് കലാ പ്രതിഭയായിരുന്നു അശ്കര്‍.
    മാപ്പിള കലാ പരിശീലകന്‍ ഫൈസല്‍ ചങ്ങരംകുളമാണ് അഷ്‌കറിന്റെ ഗുരു. അഷ്‌കറിന്റെ സഹോദരന്‍ അജ്മല്‍ ഇ എസ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതിനുമുമ്പ് മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
    കൊല്ലം ജില്ലയിലെ ചെമ്മന്തൂര്‍ എച്ച് എസ എസ്ിലെ ദില്‍ജു സൂരിയും മത്സരിച്ച അഞ്ചിലും എ ഗ്രേഡ് നേട്ടവുമായി തിളങ്ങി. ഹൈസ്‌കൂള്‍ വിഭാഗത്തിലായിരുന്നു ദില്‍ജു മത്സരിച്ചത്. ശാസ്ത്രിയ സംഗീതം, കഥകളി സംഗീതം, ഗാനാലാപനം, അഷ്ടപതി, സംഘഗാനം എന്നിവയിലാണ്് ഈ മിടുക്കന്റെ നേട്ടം.