ഓര്‍മ്മകളില്‍ ഒരു ചരിത്ര നഗരം

Posted on: December 9, 2018 6:05 am | Last updated: December 9, 2018 at 1:06 am

കുന്നുകള്‍ക്കും ജല വലയത്തിനുമിടയില്‍ ഒരു മോഹന നഗരം. പ്രകൃതിദത്തമായ കരിമ്പാറകള്‍ കാവല്‍ നില്‍കുന്ന കടലോരം. ഈ മനോഹര തിരത്ത് വേരുകളിറക്കിയ ഒരു കൂട്ടം പച്ചക്കുന്നുകള്‍ ഇവയെല്ലാം ഒരു പോലെ തഴുകി വരുന്ന അത്തറിന്‍ മണമുള്ള കാറ്റും കാല പ്രവാഹത്തിലും കരയിടിയാത്ത വിസ്മയ നാടെന്ന ഖ്യാതി തലശ്ശേരിക്ക് മാത്രം സ്വന്തം. ഇന്ത്യയിലെ മൂന്ന് സി കളുടെ ജന്മനാടാണ് ക്രിക്കറ്റ്, കേക്ക്, പിന്നെ സര്‍ക്കസും. തീര്‍ന്നില്ല. ആദ്യ പത്രം, ആദ്യ നോവല്‍, ആദ്യ കഥ, ആദ്യ നിഘണ്ടു തുടങ്ങിയവയെല്ലാം ജന്മമെടുത്തത് തലശ്ശേരിയിലാണ്.

ചരിത്രപരമായും സാംസ്‌കാരികമായും തലശ്ശേരിക്കുള്ള പ്രാധാന്യങ്ങള്‍ ഏറെ.മലബാറില്‍ ബ്രിട്ടീഷുകാരുടെ ആദ്യ ആസ്ഥാനം തലശ്ശേരിയാണെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് മുമ്പേ 1667ല്‍ ഫ്രഞ്ചുകാര്‍ ഇവിടെ വേരുറപ്പിച്ചിരുന്നു. 1864 ലാണ് ബ്രിട്ടിഷുകാര്‍ തലശ്ശേരിയിലെത്തിയത്. കിഴക്കന്‍ മലയോരങ്ങളില്‍ സുലഭമായിരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ സംഭരണവും കയറ്റുമതിയും ലക്ഷ്യമിട്ടെത്തിയ ബ്രിട്ടിഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി കടപ്പുറത്ത് പാണ്ടികശാലകള്‍ നിര്‍മ്മിച്ചു. കടല്‍ പാലം പണിതു. പാണ്ടികശാലകളുടെയും കടല്‍ പാലത്തിന്റയും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ തൊട്ടപ്പുറം നഗരഹൃദയഭാഗത്ത് സമുദ്രക്കരയില്‍ കോട്ട കെട്ടി. തടവറയും സൈനിക കേന്ദ്രവും ആയുധപുരയും കോട്ടയില്‍ സജ്ജീകരിച്ചു.

ബ്രിട്ടിഷ് ഭരണകാലത്ത് മലബാറിന്റെ ആദ്യ തലസ്ഥാനം, മലബാര്‍ മേഖലയിലെ ആദ്യ മുനിസിപ്പാലിറ്റി, പഴയ കോട്ടയം താലൂക്കിന്റെ തലസ്ഥാനം, അംഗീകാരമുദ്രകള്‍ ഏറെയുള്ള തലശ്ശേരിയുടെ നഷ്ടപ്രതാപത്തിന്റെ സ്മാരകമായി കോട്ടമുഖവും തകര്‍ന്ന കടല്‍ പാലവും ഓവര്‍ബറിസ് ഫോളിയും ഇന്നും ഇവിടുണ്ട്. ഇവയ്‌ക്കെല്ലാമൊപ്പം കേരളത്തിലെ ആദ്യ മുസ്‌ലിം ആവാസ പ്രദേശങ്ങളില്‍ പ്രഥമഗണനീയ സ്ഥാനവും തലശ്ശേരിക്കുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതല്‍ തലശ്ശേരിയില്‍ മുസ്‌ലിം അധിനിവേശം ആരംഭിച്ചിരുന്നു. പിറകെ പ്രാര്‍ഥിക്കാന്‍ പള്ളികളുണ്ടായി. നഗരത്തിലെ മുസ്‌ലിം പള്ളികളില്‍ ഏറ്റവും പുരാതനമായത് ഓവര്‍ബറിസ് ഫോളിക്കും നഗരസഭാ സ്‌റ്റേഡിയത്തിനും ചാരത്തുള്ള ജുമാ മസ്ജിദാണ് രണ്ടാം സ്ഥാനത്ത് പ്രൗഡ ഗംഭീര്യത്തോടെ പഴയ ബസ് സ്റ്റാന്റിന് തൊട്ട് ഓടത്തില്‍ പള്ളിയുണ്ട്. തനത് കേരളീയ വാസ്തുവിദ്യാശൈലിയില്‍ പണിതതാണ് ഓടത്തില്‍ പള്ളി ഇത്തരം മുസ്‌ലിം പള്ളികള്‍ കേരളത്തില്‍ അത്യപൂര്‍വ്വമാണ്.

യൂറോപ്യന്‍ നാടുകളുമായി കച്ചവട ബന്ധമുണ്ടായിരുന്ന ചൊവ്വക്കാരന്‍ മൂസക്കാക്ക 1792 ലാണ് ഓട്ടത്തില്‍ പള്ളി പണിതത്. പിന്നീടാണ് സൈദാര്‍ പള്ളി, ആലി ഹാജി പള്ളി, മട്ടാ ബ്രംപള്ളി, കൊടുവള്ളി പള്ളി, അമൂക്ക പള്ളി, അയ്യലത്ത് പള്ളി, കണ്ണോത്ത് പള്ളി, ചിറക്കര ജുമാഅത്ത് പള്ളി, ബദര്‍പള്ളി, റെയില്‍ വ്യൂ പള്ളി, തച്ചറക്കല്‍ പള്ളി, പിലാക്കൂല്‍ ജുമാ മസ്ജിദ്, തായലങ്ങാടി പള്ളി, തലായി സേട്ടുപള്ളി, മാക്കുട്ടം പള്ളി കളുടെയും ആവിര്‍ഭാവം.

പുരോഗമനപരമായും സാംസ്‌കാരിക പരമായും സമ്പന്നമായ പൈതൃകമുള്ള മുസ്‌ലിം കൂട്ടുകുടുംബങ്ങള്‍ തലശ്ശേരിയില്‍ ഒട്ടേറെയുണ്ട്. ഇതില്‍ മുന്നിലുള്ള പേരാണ് കേയി കുടു:ബത്തിലെ ചൊവ്വ ക്കാരന്‍ പഴുക്കാത്ത്, തൊട്ടടുത്ത് ടി സി മാളിയേക്കല്‍, ഒ വി, കരിയാടന്‍, തൈത്തോട്ടത്ത്, തറവാട്ടുകാരുണ്ട്. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞവരും സമൂഹത്തിനാകെ മാതൃകയായി ഇന്നും ജീവിക്കുന്നവരും ഏറെയുണ്ട്’ വി സി കുഞ്ഞു മായിന്‍ സാഹിബ്, ഡോ ആമിന ഷാഷിം, ടി സി കുഞ്ഞാച്ചുമ്മ, ഉപ്പിസാഹിബ്, സെയ്ദ് ഖാജാ ഹുസൈന്‍ സാഹിബ്, ഒ അബു, എ കെ കുഞ്ഞുമായന്‍ ഹാജി, അഡ്വ. പോക്കര്‍ സാഹിബ്, എ കെ കാദര്‍ കുട്ടി സാഹിബ്, ഒ വി അബ്ദുല്ല, ടി സി ഉമര്‍ കുട്ടി തുടങ്ങി സ്മരണിയ നാമധേയങ്ങള്‍ നിരവധിയാണ്.

തലശ്ശേരിയിലെ മുസ്‌ലിം സ്ത്രീകളുടെ പാചക വൈഭവം പ്രസിദ്ധമാണ്. ബിരിയാണിയില്‍ തുടങ്ങി പത്തിരിയും ഇറച്ചിക്കറിയിലൂടെയും ആസ്വാദ്യകരമാക്കുന്ന കൈ പുണ്യം നോമ്പ്, പെരുന്നാള്‍ നാളുകളിലാണ് പുറം ലോകം കൂടുതല്‍ രുചിച്ചറിയുന്നത്. തനത് സൗന്ദര്യ സങ്കല്‍പങ്ങള്‍ അത്തറിന്‍ സുഗന്ധമായി തലശ്ശേരിയെ പുണരുകയാണിന്നും. .