Connect with us

Ongoing News

മൂര്‍ഖന്‍പറമ്പ് വികസനച്ചിറക് വിരിച്ച കഥ

Published

|

Last Updated

മൂന്ന് പതിറ്റാണ്ട് ഒരു നാട് നെഞ്ചില്‍ കൊണ്ടുനടന്ന സ്വപ്‌നം നാളെ ചിറകടിച്ച് പറക്കുകയാണ്. ആശങ്കകളും വിവാദങ്ങളും പ്രതിസന്ധികളും ഇച്ഛാശക്തിയോടെ മറികടന്ന് അവഗണിക്കപ്പെട്ടുപോയ ഒരു പ്രദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി കൈകോര്‍ത്തപ്പോള്‍ സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം കണ്ണൂരിന്റെ മണ്ണില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ഒരു കാലത്ത് ആര്‍ക്കും വേണ്ടാത്ത, മൂര്‍ഖന്‍ പാമ്പുകളുടെ വിഹാര കേന്ദ്രമായ ഭൂമി ഇനി സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങളെ മുന്നില്‍ നിന്ന് നയിക്കും. കണ്ണൂരിന്റെ മണ്ണില്‍ വട്ടമിട്ട് റണ്‍വേയിലേക്ക് വിമാനങ്ങള്‍ പറന്നിറങ്ങുന്നതും ഉയര്‍ന്ന് പൊങ്ങുന്നതും കാണാന്‍ ജനലക്ഷങ്ങള്‍ നാളെ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പിലേക്ക് ഒഴുകിയെത്തും.

മാറിമാറി വരുന്ന സംസ്ഥാനത്തെ സര്‍ക്കാറുകള്‍ക്കും ഒരു പരിധിവരെ രണ്ട് പതിറ്റാണ്ട് കാലത്തെ കേന്ദ്ര സര്‍ക്കാറുകള്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മിതിയില്‍ പങ്കുണ്ട്. എന്നാല്‍ വിമാനത്താവളത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മത്സരിക്കുകയാണ്. ഇരു മുന്നണികളുടെയും പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം അവകാശവാദം ഉന്നയിച്ച് കൊമ്പുകോര്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡ്രോണിയര്‍ വിമാനമിറക്കി ഒരു ഉദ്ഘാടനം നടത്തി. ഒരു മാസം മുമ്പ് കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി ബി ജെ പി ദേശീയ പ്രസിഡന്റ് അമിത്ഷാ ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞതായി പ്രഖ്യാപിച്ചു. പൂര്‍ണ തോതില്‍ പ്രവൃത്തി പൂര്‍ത്തിയായ വിമാനത്താവളം നാളെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇരു മുന്നണിയുടെയും കേന്ദ്രത്തിന്റെയും പങ്കിനെക്കുറിച്ച് വസ്തുതാപരമായ ഒരു പരിശോധന അനിവാര്യമാണ്.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ 2350 കോടിയോളം രൂപ ചെലവഴിച്ചാണ് കണ്ണൂര്‍ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മോഡലില്‍ രൂപവത്കരിച്ച കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്ന കമ്പനിയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്‍. സംസ്ഥാന സര്‍ക്കാറിന് 32.86 ശതമാനം ഓഹരിയാണ് വിമാനത്താവളത്തിലുള്ളത്. കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 22.54 ശതമാനം (ബി പി സി എല്‍, എസ് ബി ഐ തുടങ്ങിയവ ഓഹരി ഉടമകളാണ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 9.39 ശതമാനം, മറ്റ് സ്വകാര്യ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 35.21 ശതമാനം ഓഹരിയുമാണുള്ളത്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിക്ഷേപം പ്രധാനമായും കിടക്കുന്നത് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കലിലാണ്.

കണ്ണൂരില്‍ വിമാനത്താവളം ഇപ്പോഴാണ് യാഥാര്‍ഥ്യമായതെങ്കിലും 83 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ വിമാനമിറങ്ങിയിരുന്നു. ഇന്ത്യയിലെ ആദ്യകാല പൈലറ്റും വ്യവസായ പ്രമുഖനുമായ ജഹാംഗീര്‍ രത്തന്‍ജി ദാദാബോയ് ടാറ്റ യെന്ന ജെ ആര്‍ ഡി ടാറ്റയായിരുന്നു കണ്ണൂരില്‍ ആദ്യം വിമാനമിറക്കിയത്. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമ വര്‍മയുടെ പ്രത്യേക നിര്‍ദേശ പ്രകാരം കണ്ണൂര്‍ കോട്ടമൈതാനിയില്‍ ഇറക്കുകയായിരുന്നു. ഏഴിമല നാവിക അക്കാദമി വന്നപ്പോള്‍ മാടായിപ്പാറയില്‍ ഒരു വിമാനത്താവളം വേണമെന്ന ആവശ്യവുമായി പ്രദേശത്തെ ഏതാനും ബിസിനസുകാര്‍ 1979ല്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ കണ്ടിരുന്നു. ഇത് സംബന്ധിച്ച് ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കരുണാകരന്‍ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാടായിപാറ പ്രായോഗികമല്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു.

1996ല്‍ കേന്ദ്രത്തില്‍ എച്ച് ഡി ദേെവഗൗഡ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ഇതില്‍ കണ്ണൂരില്‍ ബന്ധമുള്ള സി എം ഇബ്‌റാഹീം വ്യോമയാന മന്ത്രിയാകുകയും ചെയ്തതോടെയാണ് ഇതിനുള്ള ശരിയായ നീക്കം ആരംഭിച്ചത്. ഈ സമയത്ത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടത് സര്‍ക്കാര്‍ പൂര്‍ണ പിന്തുണയുമായി രംഗത്തിറങ്ങി. 1996 ഡിസംബര്‍ 20ന് കോഴിക്കോട്ട് നടന്ന മലബാര്‍ മഹോത്സവത്തില്‍ സി എം ഇബ്‌റാഹീം കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി സൗജന്യമായി ലഭ്യമാക്കുമെന്ന് നായനാര്‍ ഉറപ്പുനല്‍കി. മട്ടന്നൂരിനടുത്ത മൂര്‍ഖന്‍പറമ്പാണ് ഏറ്റവും അനുയോജ്യ സ്ഥലമെന്ന് കണ്ടെത്തി. കുറഞ്ഞ കുടിയൊഴിപ്പിക്കല്‍, കിഴക്ക്–പടിഞ്ഞാറ് ദിശയില്‍ റണ്‍വേ സാധ്യത, മതിയായ നീളത്തില്‍ റണ്‍വേ നിര്‍മിക്കാനുള്ള സ്ഥലസൗകര്യം, അടിയില്‍ ഉറപ്പുള്ള പാറക്കെട്ട് തുടങ്ങി അനുയോജ്യ ഘടകങ്ങള്‍ ഏറെയുള്ളതിനാലാണ് മൂര്‍ഖന്‍ പറമ്പ് തീരുമാനിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചെയര്‍മാനും പേരാവൂര്‍ എം എല്‍ എ കെ ടി കുഞ്ഞഹമ്മദ് കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

പിന്നീട് ഭരണമാറ്റം ഉണ്ടാകുകയും എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ അധികാര മേല്‍ക്കുകയും ചെയ്തു. ഇക്കാലയളവില്‍ വിമാനത്താവളത്തിന്റെ ഒരു പ്രവര്‍ത്തനവും നടന്നില്ല. വിമാനത്താവളത്തിനായുള്ള ലെയ്‌സണ്‍ ഓഫീസും അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫീസും നിര്‍ത്തലാക്കി. നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന 192 ഏക്കര്‍ കല്ലുവെട്ടാന്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കി. എന്നാല്‍ 2004ല്‍ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ നടപടികള്‍ പുനരാരംഭിച്ചു. 2005 ഏപ്രിലില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരുവന്തപുരത്ത് ഫഌഗ് ഓഫ് ചെയ്യുന്ന വേളയില്‍ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചു.

2006ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിക്ക് വേഗത വര്‍ധിപ്പിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രാജ്യത്തിന് തന്നെ മാതൃകയായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് ഭൂമി ഏറ്റെടുക്കല്‍ ത്വരിതഗതിയിലാക്കി. ഭൂമി ഏറ്റെടുക്കാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തി. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്ന കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ നിക്ഷേപകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പൊതു- സ്വകാര്യ പങ്കാളിത്തത്തിലായിരുന്നു കിയാല്‍ രൂപവത്കരണം. വി തുളസിദാസിനെ കിയാലിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായി നിയോഗിച്ചു. രണ്ട് വര്‍ഷത്തിനകം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് തുടങ്ങിയ കടമ്പകള്‍ കിയാല്‍ പിന്നിട്ടു. നേരത്തെ ഏറ്റെടുത്ത 192 ഏക്കള്‍ ഉള്‍പ്പെടെ 1278.89 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. പുതുതായി 785 ഏക്കര്‍കൂടി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. 2008ല്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. 2010 ഡിസംബര്‍ 17ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന്റെ തറക്കല്ലിട്ടു.

2011ല്‍ യു ഡി എഫ് അധികാരത്തിലേറുകയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുകയും കണ്ണൂരില്‍നിന്നുള്ള കെ സി ജോസഫ് മന്ത്രിയാവുകയും ചെയ്തു. വിമാനത്താവള നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. വിമാനത്താവളത്തിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്താനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവാസി വ്യവസായികളുള്‍പ്പെടെയുള്ളവര്‍ ഓഹരി ഉടമകളായി. കേന്ദ്ര- സംസ്ഥാന ഉടമസ്ഥതയിലുള്ള കമ്പനികളും പണം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങി. 2013 ഏപ്രില്‍ മാസം മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതിനായി കിയാല്‍ എം ഡി തുളസിദാസ് രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി കൊമേഴ്‌സ്യല്‍വിഭാഗം ജനറല്‍ മാനേജര്‍ ജി. ചന്ദ്രമൗലി പുതിയ എം ഡിയായി ചുമതലയേറ്റു. ഭൂമി നിരപ്പാക്ക ല്‍, റണ്‍വേ നിര്‍മാണം, എയര്‍ക്രാഫ്റ്റ് ടാക്‌സിയിംഗ് ഏരിയ, ഗ്രൗണ്ട് ലൈറ്റിംഗ് എന്നിവ ഒന്നാം ഘട്ടമായും രണ്ടാം ഘട്ടത്തില്‍ ടെര്‍മിനല്‍ ബില്‍ഡിംഗ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, എയ്‌റോ ബ്രിഡ്ജ് സ്ഥാപിക്കല്‍ എന്നിവയായി ക്രമീകരിച്ചു. ആഗോള ടെന്‍ഡറിലൂടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരെ ക്ഷണിച്ചു. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) എന്ന കമ്പനിക്ക് കരാര്‍ നല്‍കി. 2014 ഫെബ്രുവരിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി റണ്‍വേ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുന്നേ പ്രഖ്യാപിച്ച 3400 മീറ്റര്‍ റണ്‍വേക്ക് പകരം 3050 മീറ്ററായി കുറവ് വരുത്തിയായിരുന്നു നിര്‍മാണം. എന്നാല്‍ പിന്നീട് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രക്ഷോഭം നടത്തുകയും കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 4000 മീറ്ററായി റണ്‍വേ നിലനിര്‍ത്തുമെന്ന് അവസാന ബജറ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 2400 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാക്കി ഡ്രോണിയര്‍ 22 ഇനത്തില്‍ വിമാനം ഇറക്കി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കുകയും ടെര്‍മിനല്‍ പ്രവൃത്തി പുരോഗമിക്കുകയുമായിരുന്നു അപ്പോള്‍.

വിമാനത്താവളത്തിനായി തുടക്കം മുതല്‍ രംഗത്തിറങ്ങിയ പിണറായി വിജയന്‍ 2016ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ആദ്യ എം ഡിയായിരുന്ന വി തുളസിദാസ് വീണ്ടും കിയാല്‍ എം ഡിയായി തിരിച്ചെത്തി. ആറ് നിലകളിലുള്ള ടെര്‍മിനലിന്റെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. വിമാനത്താവളത്തിന്റെ റണ്‍വേ 2400ല്‍ നിന്ന് 3050 ആയി ഉയര്‍ത്തി. 4000 മീറ്ററാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ആറ് റോഡുകള്‍ നാല് വരിയില്‍ നിര്‍മിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. വിമാനത്താവളത്തിനുള്ളില്‍ എമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗിന് 32 കൗണ്ടറുകള്‍ സ്ഥാപിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ കളക്ട് ചെയ്യുന്നതിനായി മൂന്ന് ബാഗേജ് റിട്രീവല്‍ ബെല്‍റ്റ്, ആറ് എയ്‌റോ ബ്രിഡ്ജുകള്‍, എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, ഓഫീസ് സംവിധാനങ്ങള്‍, പെയിന്റിംഗ്, അലങ്കാര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. വലിയ തോതിലുള്ള കാര്‍ഗോ സംവിധാനത്തിനുള്ള പ്രവൃത്തികളും ആംരഭിച്ച ശേഷമാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. വിവിധ സര്‍ക്കാറുകളുടെ ഇച്ഛാശക്തിയില്‍ പിറവികൊണ്ട വിമാനത്താവളം വടക്കന്‍ മലബാറിന്റെയും കര്‍ണാടകയുടെ കുടക് മേഖലയുടെയും വികസനത്തിന് വലിയ കുതിച്ചുചാട്ടമാകും സമ്മാനിക്കുക.

Latest