പ്രളയവും കടന്ന് അവരെത്തി; എ ഗ്രേഡിന്റെ തിളക്കത്തോടെ മടക്കം

Posted on: December 8, 2018 10:41 am | Last updated: December 8, 2018 at 10:42 am

ആലപ്പുഴ:മഹാ പ്രളയത്തില്‍ സര്‍വതും തകര്‍ന്ന എറണാകുളം ഗോതുരുത്ത് ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം അതിജീവനത്തിന്റേത് കൂടിയാണ്. നഷ്ടപ്പെട്ടതോര്‍ത്ത് വിലപിച്ച് സമയം കളയാതെ അവര്‍ അതിവേഗം ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചവിട്ടുനാടക സംഘമാണ് പ്രളയവും കടന്ന് കലാരംഗത്ത് വീണ്ടും സജീവമായത്. ചരിത്രം ആവര്‍ത്തിച്ച് എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് സംഘം ഇത്തവണയും നാട്ടിലേക്ക് മടങ്ങുന്നത്. സംഘത്തിലുള്ള ഭൂരിഭാഗം പേരും കൂലിപ്പണിക്കാരായ കുടുംബത്തില്‍ നിന്നുള്ളവരാണ്. സാമ്പത്തിക പരാധീനതയില്‍ ജീവിതം തള്ളി നീക്കുന്നതിനിടെയായിരുന്നു ആഗസ്റ്റില്‍ നാടിനെയാകെ ഭീതിപ്പെടുത്തി പ്രളയ ജലമെത്തിയത്. ഗോതുരുത്ത് മേഖലയില്‍ പത്തടിയോളം വെള്ളം പൊങ്ങിയിരുന്നു. ഇതോടെ ആകെയുണ്ടായിരുന്ന താമസ സ്ഥലവും പൂര്‍ണമായി നശിച്ചു. മിക്കവരുടെയും വീടുകള്‍ ഒറ്റ മുറിയും ഷെഡ്ഡുകളുമായിരുന്നു. ഇവര്‍ പഠിക്കുന്ന ഗോതുരുത്ത് സ്‌കൂളിലും വെള്ളം കയറിയിരുന്നുവെങ്കിലും മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ സമീപത്തൊന്നുമില്ലാത്തതിനാല്‍ മാസങ്ങളോളം ഇതേ വിദ്യാലയമായിരുന്നു വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും അഭയ കേന്ദ്രം.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ടുനാടക മത്സരത്തില്‍ വര്‍ഷങ്ങളായി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം എ ഗ്രേഡില്‍ കുറഞ്ഞതൊന്നും നേടിയിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പുണ്ടായ പ്രളയ താണ്ഡവത്തില്‍ വിറങ്ങലിച്ച നാടിനെ ഉടന്‍ കരകയറ്റാനാകുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് വീണ്ടും വിജയഗാഥയുമായി ഇവര്‍ ദുരിതത്തെ മറികടക്കുന്നത്.
പ്രശസ്ത ചവിട്ടുനാടക പരിശീലകന്‍ സെല്‍പന്‍ ആശാനാണ് കുട്ടികളെ പരിശീലിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന വേഷങ്ങളെല്ലാം പ്രളയത്തില്‍ നശിച്ചതിനാല്‍ സെല്‍പന്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റാണ് ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. കൂടെ സ്‌കൂളിലെ അധ്യാപകരും പി ടി എ പ്രതിനിധികളും സഹകരിച്ചതോടെ മത്സരത്തിന്റെ സാമ്പത്തിക ബാധ്യത വിദ്യാര്‍ഥികള്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല.
ബൈബിളിലെ കാറല്‍സ്മാനെ കുറിച്ചുള്ള ചരിത്രകഥയായിരുന്നു ഇത്തവണ സംഘം അരങ്ങിലവതരിപ്പിച്ചത്.