സില്‍വര്‍ ജൂബിലി നിറവില്‍ ഡോ. കോയ കാപ്പാട്

Posted on: December 8, 2018 10:37 am | Last updated: December 8, 2018 at 10:37 am

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പ്രശസ്ത മാപ്പിള കലാ പരിശീലകന്‍ ഡോ. കോയ കാപ്പാടിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൂടിയായി. മാപ്പിള കലാ മത്സരവുമായി ബന്ധപ്പെട്ട് കലോത്സവങ്ങളില്‍ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിരവധി ടീമുകളെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെത്തിച്ചത്. കലോത്സവങ്ങളില്‍ കോയ കാപ്പാട് പരിശീലിപ്പിച്ച കുട്ടികളില്ലാത്ത ദഫ്മുട്ട് മത്സരം തന്നെ ഉണ്ടാകാറില്ല.

കോഴിക്കോട് – തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍, മലപ്പുറം – പി പി എം എച്ച് എസ് കൊട്ടുകര, ക്രസന്റ് ഹൈസ്‌കൂള്‍ കനമരം, ഡബ്ല്യു എം ഒ എച്ച് എസ് പിണങ്ങോട് എന്നീ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇത്തവണ കോയ കാപ്പാടിന് കീഴില്‍ പരിശീലനം നേടി ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ട് മത്സരത്തില്‍ മാറ്റുരച്ചത്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 80 വിദ്യാര്‍ഥികളാണ് കോയ കാപ്പാടിന്റെ ശിക്ഷണത്തില്‍ കലോത്സവത്തില്‍ മാറ്റുരക്കുന്നത്. കേരള സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് നേടിയ ഇല്‍യാസ് കാപ്പാട്, സജാദ് വടകര, നിസാര്‍ കാപ്പാട്, അര്‍ജാസ് പൂക്കാട് എന്നിവരും സഹായികളായി എത്തിയിട്ടുണ്ട്.

ദഫ് മുട്ടിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന കാപ്പാട് ആലസ്സം വീട്ടില്‍ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ് മുട്ട് ആചാര്യന്‍ ഉസ്താദ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പുത്രനുമാണ് കോയ കാപ്പാട്. യമനിലെ അദനില്‍ നിന്ന് ഇസ്‌ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിച്ചേര്‍ന്ന ഇവരുടെ കുടുംബം 137 വര്‍ഷമായി ദഫ് മുട്ട്, അറബന മുട്ട് എന്നീ കലകളില്‍ പരിശീലനം നല്‍കിവരികയാണ്. കലോത്സവ വേദികളില്‍ 1992ല്‍ ദഫ് മുട്ട് മത്സരയിനമായി പ്രഖ്യാപിച്ചതിന് പിന്നില്‍ കോയ കാപ്പാടിന്റെ പിതാവ് ഉസ്താദ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പരിശ്രമവുമുണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ ഗുരു പദവിയും കേരള സര്‍ക്കാറിന്റെ ഫോക്‌ലാര്‍ അക്കാദമി അവാര്‍ഡും നേടിയ കോയ കാപ്പാട്, ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബീഹാറിലെ അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സൂഫിസത്തില്‍ പി എച്ച് ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ആസ്‌ത്രേലിയ, ഫിജി, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം പരിശീലനം നല്‍കുന്നുണ്ട്. മഹാ പ്രളയത്തിന് ശേഷം ചെലവ് ചുരുക്കിയെങ്കിലും കലോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കോയ കാപ്പാട് പറഞ്ഞു.