രാജസ്ഥാനും മധ്യപ്രദേശും കോണ്‍ഗ്രസ് പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍

Posted on: December 7, 2018 6:32 pm | Last updated: December 8, 2018 at 10:26 am

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ ആണ് ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 122 സീറ്റുവരെ നേടുമെന്നും ബിജെപി 102 മുതല്‍ 120 സീറ്റിലേക്ക് ഒതുങ്ങുമെന്നുമാണ് പ്രവചനം. മറ്റുള്ളവര്‍ 4 മുതല്‍ 11 സീറ്റുകള്‍ വരെ നേടിയേക്കാം. കാര്‍ഷിക മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ആജ് തക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനു നേരിയ മുന്‍തൂക്കം ആജ് തക് നല്‍കുന്നു. ബിജെപി 102 മുതല്‍ 120 സീറ്റുവരെ നിര്‍ണായക പോരാട്ടത്തില്‍ സ്വന്തമാക്കിയേക്കുമെങ്കിലും കോണ്‍ഗ്രസ് ഇതിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോള്‍ പറ!യുന്നു. കോണ്‍ഗ്രസിന് 104 മുതല്‍ 122 സീറ്റുവരെ ലഭിക്കുമെന്നാണ് ആജ് തക് കണക്കുകൂട്ടുന്നത്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ആജ് തകിന്റെ പ്രവചനം. മറ്റുള്ളവര്‍ക്കാവട്ടെ നാല് മുതല്‍ 11 സീറ്റുവരെ ലഭിക്കും.

മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരിക്കുമെന്നാണ് റിപ്പബ്ലിക്ക് ടിവിയുടെ പ്രവചനം. കോണ്‍ഗ്രസിന് 112ഉം ബിജെപിക്ക് 108ഉം സീറ്റുകളാണ് പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഗംഭീര ജയം നേടുമെന്നും ഇന്ത്യ ടുഡെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 119 മുതല്‍ 141 സീറ്റുവരെയും ബിജെപിക്ക് 55 മുതല്‍ 72 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

എന്നാല്‍, ഇഞ്ചോടിഞ്ച് സീറ്റ് നിലയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ടൈംസ് നൗ-സിഎന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍ ടൈംസ് നൗ- സിഎന്‍എക്‌സ് സര്‍വേ ഫലം മധ്യപ്രദേശില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് 89 സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 15 സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ സിഎന്‍എക്‌സ് സര്‍വേ ഫലം പ്രവചിക്കുന്നു. അതേസമയം, ചത്തിസ്ഗഢില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് സി വോട്ടര്‍ പ്രവചനം.

തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. ടിആര്‍എസിന് 66ഉം കോണ്‍ഗ്രസിന് 37 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.