Connect with us

Kerala

ഒരു 'പൗച്ച്' ഒപ്പിക്കാന്‍ പിടിച്ചുപറി

Published

|

Last Updated

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ ഒരു മലമുകളില്‍ നിന്ന് ചെറിയ തരം അഞ്ഞൂറ് എണ്ണം കഞ്ചാവ് പേക്കറ്റുകളുമായി തെക്കന്‍ ജില്ലക്കാരനായ ഒരാളെ ഇതിന് മുമ്പ് പോലീസ് പിടികൂടുകയുണ്ടായി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അയാള്‍ പങ്കുവെച്ചത്. നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിന് വേണ്ടി തയ്യാറാക്കിയതാണത്രേ ഈ കഞ്ചാവ് പൊതികള്‍.

ഒരു ബേഗ് വിട്ടിട്ടുണ്ട്, ഒരു പാര്‍സല്‍ അയച്ചിട്ടുണ്ട്, ഒരു പൗച്ച് വേണം ഇതെല്ലാം കഞ്ചാവ് ലോബിയുടെ കോഡുകളാണ്. രണ്ട് കിലോഗ്രാം കഞ്ചാവ് അടങ്ങുന്ന ഒരു കവറാണ് പാര്‍സല്‍ എന്നറിയപ്പെടുന്നത്. പത്ത് ഗ്രാം കഞ്ചാവിന്റെ ചെറിയ പാക്കറ്റിന് ബേഗ്, പൗച്ച് എന്നിങ്ങനെ പറയും.

മയക്കുമരുന്ന് ഉപഭോക്താക്കളുടെ തുടക്കം കഞ്ചാവില്‍ നിന്നാണ്. കുറഞ്ഞ ചിലവില്‍ ആനന്ദം ആസ്വദിക്കാന്‍ കിട്ടുമ്പോള്‍ വലയില്‍ വീഴുന്നത് വിദ്യാര്‍ഥികളടക്കമുള്ള യുവത.
തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് കൂടുതലായി കേരളത്തിലെത്തുന്നത്. ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ലോബിയുടെ ഇടത്താവളമാണ് തമിഴ്‌നാട്. രണ്ട് കിലോഗ്രാം കഞ്ചാവിന് ഏകദേശം 15,000 രൂപയാണ് തമിഴ്‌നാട്ടിലെ വില. കേരളത്തിലെ ഏജന്റുമാര്‍ ആവശ്യക്കാര്‍ക്ക് തരം പോലെ പണം വാങ്ങിയാണ് ഇവ എത്തിച്ചുകൊടുക്കുന്നത്.

ഒന്നിച്ചു കൊണ്ടുവരുന്ന കഞ്ചാവ് മലമുകളിലും ഉപയോഗമില്ലാത്ത കെട്ടിടങ്ങള്‍ക്കുള്ളില്‍ കയറിപ്പറ്റിയും മറ്റുമാണ് ചെറിയ പാക്കറ്റുകളാക്കി മാറ്റുന്നത്. പത്ത് ഗ്രാം കഞ്ചാവിന് ഏകദേശം അഞ്ഞൂറ് രൂപയേ വരൂ എന്നതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്കും മറ്റും വീട്ടില്‍ നിന്ന് ലഭിക്കുന്ന പോക്കറ്റ് മണി ഉപയോഗിച്ച് ഇതിന്റെ ഉപഭോക്താക്കളായി മാറാന്‍ എളുപ്പമാണ്.
നഗരത്തിലെ കടലോര മേഖലകളില്‍ പലയിടങ്ങളിലും പാരമ്പര്യമായി കഞ്ചാവ് കച്ചവടം ചെയ്യുന്നവരുണ്ടെന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്.
ഇത് സിഗരറ്റ് വലിക്കും പോലെയേയുള്ളൂ, അത്രയേ ഇതിന്റെ പ്രശ്‌നമുള്ളൂ എന്ന പ്രചാരണമാണ് കഞ്ചാവ് ലോബി യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഒരു നുള്ള് ആദ്യമാദ്യം സൗജന്യമായി നല്‍കുന്നു. നാലോ അഞ്ചോ പ്രാവശ്യം സൗജന്യം ആസ്വദിച്ചയാള്‍ക്ക് പിന്നീടത് ഹരമായി മാറുന്നു. വരുമാനമില്ലാത്തവന്‍ എവിടെ നിന്നെങ്കിലും പണം ഒപ്പിച്ച് ഒരു പൗച്ച് സ്വന്തമാക്കാന്‍ ശ്രമിക്കും. ആ ഒപ്പിക്കലിനിടയില്‍ പിടിച്ചുപറിയും കളവും ചതിയുമൊക്കെ കടന്നുവരുമെന്നത് ഒപ്പം വായിക്കേണ്ട മറ്റൊരു വസ്തുത.

നിലവില്‍ ബീഡി, സിഗരറ്റ് എന്നിവയുടെ പൊടിയില്‍ കഞ്ചാവ് കൂടി കലര്‍ത്തിയാണ് പലരും ഉപയോഗിക്കുന്നത്. പുകവലിക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും വിലക്ക് വരുമ്പോഴേക്കും ഉപയോഗിക്കുന്നവന് ഇത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിട്ടുണ്ടാകും. അതോടെ ഗുളികയും മിഠായിയുമൊക്കെ അവന്‍ ഉപയോഗിച്ചു തുടങ്ങുന്നു.
നഗര പരിധിയിലെ ഒരു വിദ്യാലയത്തിലുള്ള നിരവധി പേരെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഹരി മരുന്നുകളുമായി പോലീസ് പിടികൂടിയത്. ക്ലാസിലെത്താന്‍ ബൈക്കുകളില്‍ പറക്കുന്ന കോളജ് കുമാരന്‍മാര്‍ പലരുടെയും ലക്ഷ്യസ്ഥാനമെവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണയുണ്ട്.
നാളെ: ബൈക്കില്‍ പറക്കുന്നതെങ്ങോട്ട് ?

---- facebook comment plugin here -----

Latest