തുടര്‍ച്ചയായ പ്രസംഗം; സിദ്ധുവിന്റെ ശബ്ദനാളി തകരാറിലായി

Posted on: December 6, 2018 4:55 pm | Last updated: December 6, 2018 at 4:55 pm

ചണ്ഡീഗഢ്: തിരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ തുടര്‍ച്ചയായി പ്രസംഗിച്ചതിനെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ധുവിന്റെ ശബ്ദനാളിക്ക് തകരാറിലായി. അഞ്ച് ദിവസം വരെ പൂര്‍ണ വിശ്രമമെടുക്കാന്‍ സിദ്ധുവിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ പ്രാസംഗികനായിരുന്ന സിദ്ധു തുടര്‍ച്ചയായ 17 ദിവസങ്ങളിലായി 70 പൊതുയോഗങ്ങളിലാണ് പ്രസംഗിച്ചത്.

‘നിരന്തരമുള്ള പ്രസംഗങ്ങള്‍ സിദ്ധുവിന്റെ ശബ്ദനാളി തകരാറിലാക്കിയിട്ടുണ്ട്. ശബ്ദം പൂര്‍ണമായി ഇല്ലാതാകുന്ന അവസ്ഥയിലേക്കു നീങ്ങുമെന്നു കണ്ടാണ് ഡോക്ടര്‍മാര്‍ സിദ്ധുവിന് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചത്’- വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ഹെലികോപ്ടര്‍, വിമാന യാത്രകളും മറ്റും സിദ്ധുവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായും കുറിപ്പില്‍ പറയുന്നു. രക്തം കട്ടപിടിക്കുന്ന അസുഖത്തിനു ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിനു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഠിനാധ്വാനം ചെയ്യേണ്ടി വന്നത്.