പ്രതിഭകള്‍ ഇന്നെത്തും; ഇനി കലയുടെ മഹാ പ്രളയം

Posted on: December 6, 2018 3:29 pm | Last updated: December 6, 2018 at 3:29 pm

ആലപ്പുഴ: പ്രളയം തകര്‍ത്തെറിഞ്ഞ മണ്ണില്‍ കലാപ്രളയം തീര്‍ക്കാന്‍ കൗമാര പ്രതിഭകള്‍ ഇന്ന് എത്തിത്തുടങ്ങും. 59- ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കിഴക്കിന്റെ വെനീസ് കലാപൂരത്തിന്റെ ആവേശത്തിലമരാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി. ഇനി മൂന്ന് നാള്‍ ആലപ്പുഴ നഗരം കലയുടെ ചിലമ്പണിയും.അതിജീവനത്തിന്റെ സന്ദേശവുമായി ആര്‍ഭാടങ്ങളൊഴിവാക്കിയും മത്സരാര്‍ഥികളുടെയും മത്സര ദിനങ്ങളുടെയും എണ്ണം കുറച്ചും ചെലവ് ചുരുക്കിയുള്ള കലോത്സവത്തിനാണ് നാളെ തിരിതെളിയുന്നത്. ഉദ്ഘാടന, സമാപന സമ്മേളനങ്ങളോ സ്വര്‍ണക്കപ്പ് കൈമാറ്റമോ ട്രോഫി വിതരണമോ ഒന്നുമില്ലാത്ത സ്‌കൂള്‍ കലോത്സവം മത്സരാര്‍ഥികള്‍ക്കെന്ന പോലെ മലയാളികള്‍ക്കാകമാനം പുതിയൊരനുഭവമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം നടത്തുന്ന കലോത്സവത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വിതരണം ചെയ്യുക. വിദൂര ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഇന്ന് വൈകുന്നേരത്തോടെ ആലപ്പുഴയിലെത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

ഉദ്ഘാടന പരിപാടികളൊന്നുമില്ലാത്തത്തിനാല്‍ തന്നെ നാളെ രാവിലെ പത്തോടെ തന്നെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇക്കാരണം കൊണ്ടുതന്നെ അധികപേരും ഇന്ന് രാത്രിയോടെ തന്നെ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മേളയിലേക്കെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് താമസ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക. 18 സ്‌കൂള്‍ ബസുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി സ്റ്റാന്റിലും റയില്‍വേ സ്റ്റേഷനിലും പ്രത്യേക സഹായ കേന്ദ്രങ്ങളും യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകള്‍ സൗഹൃദയാത്രകള്‍ സംഘടിപ്പിക്കും. വേദികളെല്ലാം നഗരത്തിലാകയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ പോലീസ് സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
മേളയില്‍ പങ്കെടുക്കാനെത്തുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ തുടങ്ങും. മത്സരാര്‍ഥികള്‍, അധ്യാപകര്‍, സംഘാടകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കാനുള്ള ബാഡ്ജുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്. 14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്‌ട്രേഷന്‍ കൗണ്ടറിലുണ്ടാകുക.

കലോത്സവം നഗരത്തിലെ തന്നെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായതിനാല്‍ അറവുകാട് മുതല്‍ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യം ഒരുക്കയിരിക്കുന്നത്. ഇവിടങ്ങളില്‍ സഹായത്തിനായി പ്രാദേശിക ജനകീയ സമതികളും 20 വിദ്യാര്‍ഥികള്‍ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. ഇന്ന് നഗരിയിലെത്തുന്നവര്‍ക്കും ഭക്ഷണമടക്കമുള്ള സൗകര്യങ്ങളൊരുക്കുന്നുണ്ട്.
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘത്തിനാണ് പാചകചുമതല. ഇവര്‍ രാവിലെ തന്നെ എത്തിച്ചേരും. കലവറയിലേക്കുള്ള സാമഗ്രികളെല്ലാം ഇന്നലെ തന്നെ എത്തിയിട്ടുണ്ട്.