Connect with us

National

ഗോവധത്തിന്റെ പേരില്‍ യു പി കലാപം ആസൂത്രിതം; വി എച്ച് പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നടന്ന കലാപം ആസൂത്രിതം. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരെ വകവരുത്തുന്നതിന് വേണ്ടി ആസൂത്രിതമായി കന്നുകാലി കശാപ്പ് ആരോപിച്ച് കലാപം നടത്തുകയായിരുന്നുവെന്നാണ് വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. ലൈസന്‍സില്ലാത്ത തോക്കുമായി എത്തിയവരാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. 32 എം എം ബാരല്‍ വെടിയുണ്ടയാണ് തലയോട്ടിയില്‍ നിന്ന് കണ്ടെടുത്തത്. ഇത് യു പി പോലീസ് ഉപയോഗിക്കുന്നതല്ല.
പ്രദേശത്ത് മുസ്‌ലിംകള്‍ പ്രത്യേക പരിപാടി നടത്തുന്ന ദിവസം തന്നെ ഇത്തരം കലാപം നടന്നതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് ആരോപണം. കേസിലെ മുഖ്യ പ്രതിയായ ഒരാള്‍ തന്നെയാണ് കന്നുകാലി കശാപ്പ് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. പുലര്‍ച്ചെ കാടിനു സമീപം ന്യൂനപക്ഷ സമുദായക്കാരായ ആറ് പേര്‍ ചേര്‍ന്ന് കന്നുകാലികളെ കൊല്ലുന്നത് കണ്ടുവെന്നാണ് മൊഴി നല്‍കിയത്.

പരാതിക്ക് പിന്നാലെ മുസ്‌ലിം പള്ളിക്ക് സമീപം ദേശീയപാതയില്‍ വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് മടങ്ങുന്നവര്‍ വരുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന വ്യാജേന ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. കന്നുകാലി കശാപ്പിനെതിരെ നടപടിയെടുക്കാമെന്ന് പോലീസ് അറിയിച്ചിട്ടും പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. തലേദിവസം രാത്രി വരെ പ്രദേശത്ത് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട ഒന്നും കണ്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. പശുക്കളെ കശാപ്പ് ചെയ്താല്‍ പോലും സംസ്ഥാനത്തെ സാഹചര്യം അറിയുന്ന ആരും അവശിഷ്ടങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
2015ല്‍ ദാദ്രിയില്‍ അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസ് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയരുന്നത്. ക്രമസമാധാനനില വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അടിയന്തര യോഗം ചേര്‍ന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

യു പി സര്‍ക്കാറിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ബി ജെ പി സൃഷ്ടിച്ച ക്രിമിനല്‍ ആള്‍ക്കൂട്ടമാണ് ഇപ്പോള്‍ അവരുടെ ഭരണകാലത്ത് തന്നെ അക്രമം നടത്തുന്നതെന്ന് ബി എസ് പി നേതാവ് മായാവതി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ആസൂത്രിത ആക്രമണങ്ങളാണ് നടക്കുന്നതെന്ന് സി പി എം പോളിറ്റ്ബ്യൂറോ പ്രതികരിച്ചു. അതേസമയം, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കോ മറ്റ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ക്കോ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി ജെ പി. എം എല്‍ എ സുരേന്ദ്ര സിംഗ് പ്രതികരിച്ചു.

വി എച്ച് പി, ബജ്‌റംഗ്ദള്‍
പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബുലന്ദ് ശഹര്‍ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യു പി സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിലെ പ്രധാനി യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആനന്ദ് കുമാര്‍ പറഞ്ഞു.
കലാപത്തില്‍ പങ്കെടുത്തുവെന്നു കാണിച്ച് തൊണ്ണൂറ് പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 27 ആളുകളുടെ പേരുകള്‍ മാത്രമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത്. ശേഷിക്കുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം, കലാപം, അക്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വി എച്ച് പി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം കൊടുത്ത ഹിന്ദു യുവവാഹിനി എന്നിവയുടെ പ്രവര്‍ത്തകരാണ് പ്രതികള്‍.

Latest