നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിന്റെയും സോണിയയുടെയും നികുതി റിട്ടേണ്‍ പരിശോധിക്കാം- സുപ്രീം കോടതി

Posted on: December 4, 2018 4:23 pm | Last updated: December 4, 2018 at 9:19 pm

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മാതാവ് സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണുകള്‍ ആദായ നികുതി വകുപ്പിന് പരിശോധിക്കാമെന്ന് സുപ്രീം കോടതി. എന്നാല്‍, കേസിന്റെ വിചാരണ നടന്നുവരുന്നതിനാല്‍ നടപടി പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം കെ സിക്രി അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. കേസിലെ തുടര്‍വാദം ജനുവരി എട്ടിലേക്കു മാറ്റി.

2011-12 കാലത്തെ നികുതി റിട്ടേണ്‍ പരിശോധിക്കുന്നതിനെതിരെ രാഹുല്‍, സോണിയ, എന്നിവരെ കൂടാതെ കോണ്‍. നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ഹരജി നല്‍കിയിരുന്നു. പത്രം ഏറ്റെടുത്ത പ്രസ്തുത സാമ്പത്തിക വര്‍ഷത്തെ വരുമാനവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ ഉടമസ്ഥരായ അസോ. ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്ന് രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നാണ് ഹരജിയില്‍ ആരോപിച്ചിട്ടുള്ളത്.