മന്ത്രി ജലീലിനെ നിയമസഭയിലും പുറത്തും യുഡിഎഫ് ബഹിഷ്‌ക്കരിക്കും: പ്രതിപക്ഷ നേതാവ്

Posted on: December 4, 2018 12:25 pm | Last updated: December 4, 2018 at 2:27 pm

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ തുടര്‍നടപടിയുണ്ടായില്ലെങ്കില്‍ മന്ത്രി കെടി ജലീലിനെ നിയമസഭയിലും പൊതു പരിപാടികളിലും യുഡിഎഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമന വിവാദത്തില്‍ ജലീലിന്റെ മറുപടി കുറ്റ സമ്മതമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പ്രക്ഷുബ്ധമാക്കിയതിന് ഉത്തരവാദിത്വം ഭരണപക്ഷത്തിനാണ്. ബന്ധുനിയമന വിവാദം ഉയര്‍ത്തിയതോടെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തില്‍ ആക്രോശിച്ചത് ഭരണപക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു.

ഭരണപക്ഷത്തുള്ളവര്‍ ട്രഷറി ബെഞ്ചിലാണ് ഇരിക്കുന്നത് എന്ന് പോലും മറന്നാണ് പെരുമാറിയത്. കടകംപള്ളി സുരേന്ദ്രനടക്കമുള്ള മന്ത്രിമാര്‍ തങ്ങള്‍ക്കുനേരെ വെല്ലുവിളിയുതിര്‍ക്കുകയായിരുന്നു. ഇത് നിയമസഭാ മര്യാദകളുടെ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ സഭാനടപടികള്‍ ബഹിഷ്‌ക്കരിച്ച ശേഷം പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.