Connect with us

Kerala

പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത് ബിജെപിക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ഥതയുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നിയമസഭാ സമ്മേളനത്തിന്റെ പ്രാധാന്യം പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. അമിതാഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനാകില്ല. ബിജെപിക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനമാണ് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയതെന്നും സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റില്‍ മന്ത്രി ആരോപിച്ചു.

കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

നാടകം ഇന്നും തുടര്‍ന്നു. ഇതു നാലാം ദിവസമാണു തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍നിന്ന് ഒളിച്ചോടുകയാണു പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്നു തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍.നിയമനിര്‍മാണങ്ങള്‍ക്കായി ചേര്‍ന്നിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പോലും പ്രതിപക്ഷത്തിനാകുന്നില്ല. അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍നിന്നു കൂടുതലെന്തു പ്രതീക്ഷിക്കാന്‍. ബിജെപി സമരത്തിനുള്ള ഐക്യദാര്‍ഢ്യപ്രകടനമാണ് ഇന്നു നിയമസഭയില്‍ പ്രതിപക്ഷം നടത്തിയതെന്നതു പകല്‍ പോലെ വ്യക്തമാണ്.
ശബരിമലയില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നു നിരന്തരം നുണപ്രചാരണം തുടരുന്ന രമേശ് ചെന്നിത്തലയെ ഞാന്‍ ശബരിമല ഒന്നിച്ച് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതു വെല്ലുവിളിയായിട്ടല്ല. ഒന്നിച്ചു പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടുന്നതിനും, എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പരിഹരിക്കാനും വേണ്ടിയാണു ഞാന്‍ ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. എന്നാല്‍ അദ്ദേഹം അതിനു നല്‍കിയ മറുപടി തികച്ചും ബാലിശമായിരുന്നു.

ശബരിമലയിലെ അടിസ്ഥാന സൗകര്യമല്ല മറിച്ചു രാഷ്ട്രീയ നേട്ടം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നതായിരുന്നു ആ മറുപടി. എന്റെ കുടുംബത്തിലെ ഏതെങ്കിലും ചടങ്ങിനു ക്ഷണിച്ചാല്‍ അദ്ദേഹത്തിനെ പോലെ താക്കോല്‍ സ്ഥാനമുള്ള ഉന്നത വ്യക്തിക്കു പങ്കെടുക്കാതിരിക്കാം. എന്റെ ക്ഷണം അപമാനകരമായി കണക്കാക്കാം. അതൊക്കെ ദുരഭിമാനികളില്‍നിന്നു പ്രതീക്ഷിക്കാം. ഇവിടെ പക്ഷേ, സംസ്ഥാനത്തിന്റെ ദേവസ്വം മന്ത്രി എന്ന നിലയിലാണു പ്രതിപക്ഷ നേതാവിനെ ഞാന്‍ ശബരിമലയിലേക്കു ക്ഷണിച്ചത്

അദ്ദേഹം ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ നിജസ്ഥിതി നേരില്‍കണ്ടു ബോധ്യപ്പെടുന്നതിനായിരുന്നു അത്. അതിനുള്ള ആര്‍ജവമില്ലാത്ത പ്രതിപക്ഷ നേതാവ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ 3 യുഡിഎഫ് എംഎല്‍എമാരെ നിയമസഭയ്ക്കു മുമ്പില്‍ സത്യാഗ്രഹത്തിനു പറഞ്ഞുവിടുകയാണു ചെയ്തത്. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരനാടകത്തിനു പിന്തുണയേകാനാണു 3 എംഎല്‍എമാരെ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹത്തിനു പിടിച്ചിരുത്തിയിരിക്കുന്നത്. എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ എന്നേ പ്രതിപക്ഷനേതാവിനോടു ചോദിക്കാനുള്ളൂ

Latest