Connect with us

Kerala

നവോത്ഥാന മൂല്യങ്ങള്‍ തിരസ്‌കരിക്കുന്നതില്‍ ആര്‍ എസ് എസും കോണ്‍ഗ്രസും ഒറ്റക്കെട്ട്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ ജാതി സംഘടനകളെന്നും എടുക്കാച്ചരക്കുകളെന്നും വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ പരിധി ലംഘിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രതിപക്ഷ നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്ത അവഹേളനപരമായ പരാമര്‍ശങ്ങളാണ് രമേശ് ചെന്നിത്തല നടത്തിയതെന്ന് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതില്‍ പരിപാടിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍ പദവിക്കു നിരക്കാത്തതായി. നവോത്ഥാന മൂല്യങ്ങളെ തള്ളിക്കളയുന്നതില്‍ ആര്‍ എസ് എസും കോണ്‍ഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. വനിതാ മതില്‍ പൊളിക്കുമെന്ന നിലപാട് സ്ത്രീ വിരുദ്ധം മാത്രമല്ല, ഭരണഘടനക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുരുഷ മേധാവിത്വ മനോഘടനയുടെ ഭാഗം കൂടിയാണിത്. കോണ്‍ഗ്രസിലെ മറ്റു നേതാക്കളും ഇതര പ്രതിപക്ഷ കക്ഷികളും ഇത്തരം നിലപാടു തന്നെയാണോ വച്ചുപുലര്‍ത്തുന്നതെന്നു വ്യക്തമാക്കണം.

നവോത്ഥാന പ്രസ്ഥാനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചിരുന്നതാണ്. നവോത്ഥാന സമര കാലത്ത് എന്‍ എസിനു നേതൃത്വം നല്‍കിയ മന്നത്തു പത്മനാഭന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ ആ സംഘടനക്കു കഴിഞ്ഞിട്ടില്ലെന്നും നിലവിലെ നിലപാട് തിരുത്താന്‍ അവര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സുപ്രീം കോടതി വിധിയുടെയും സത്ത ഉള്‍ക്കൊള്ളുന്ന തീരുമാനമാണ് പൊതു ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഈ സമീപനം അംഗീകരിച്ചിട്ടുള്ളതുമാണ്.

കഴിഞ്ഞ ദിവസം നിയമസഭാ യോഗം സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനു തന്നെയാണ്, അതിനെതിരായ ജനവികാരത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അത് മുഖ്യമന്ത്രിയുടെ മേല്‍ കെട്ടിവെക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ജനാധിപത്യത്തിനു നിരക്കാത്തതാണ്.

മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ക്ക്് വാര്‍ത്തകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും പൊതു പരിപാടികളും മറ്റും നടക്കുന്ന ഇടങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുമുള്ള ചില ക്രമീകരണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനങ്ങളും പ്രതികരണങ്ങളും എല്ലാ മാധ്യമങ്ങള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക കൂടിയാണ് ലക്ഷ്യം.

Latest