Connect with us

Kerala

കവിത മോഷണം: ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപാ നിശാന്തും ശ്രീചിത്രനും പുറത്ത്

Published

|

Last Updated

തൃശൂര്‍: കവിതാ മോഷണ വിവാദം കത്തിപ്പടരുന്ന സാഹചര്യത്തില്‍, ചൊവ്വാഴ്ച നടക്കാനിരുന്ന ജനാഭിമാന സംഗമത്തില്‍നിന്ന് തൃശൂര്‍ കേരളവര്‍മ കോളജ് അസി. പ്രൊഫസര്‍ ദീപാ നിശാന്തിനെയും സാംസ്‌കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രനെയും ഒഴിവാക്കി. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് ജനാഭിമാന സംഗമം നടത്തുന്നത്. സംഗമം ഉദ്ഘാടനം ചെയ്യുന്നത് സ്വാമി അഗ്‌നിവേശ് ആണ്. തൃശൂരിലെ പുരോഗമന പ്രസ്ഥാനങ്ങളും സംഘടനകളും സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്. കവിതാ മോഷണ വിവാദത്തെ തുടര്‍ന്നാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപാ നിശാന്തും എം ജെ ശ്രീചിത്രനും മാപ്പ് ചോദിച്ച് രഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും മാപ്പ് പറച്ചില്‍. എന്നാല്‍ മാപ്പല്ല, മറുപടിയാണ് വേണ്ടതെന്ന പ്രതികരണവുമായി എസ് കലേഷ് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തെത്തി. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയില്‍ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നാണ് കലേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

എസ് കലേഷ് 2011ല്‍ എഴുതിയ “അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ” എന്ന കവിതയോട് സാമ്യമുള്ള രചന ദീപാ നിശാന്തിന്റെതായി എ കെ പി സി ടി എ മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം കവിതാ മോഷണ വിവാദം ഉടലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്തെത്തുകയായിരുന്നു.
എ കെ പി സി ടി എ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന് സാഹിത്യകാരന്‍ എന്‍ എസ് മാധവനുള്‍പ്പെടെയുള്ളവര്‍ ദീപാ നിശാന്തിനെതിരെ രംഗത്തെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കവിതാ മോഷണ വിവാദത്തിലെ കൂട്ടുപ്രതി താനാണെന്ന് ഏറ്റുപറഞ്ഞും മാപ്പ് പറഞ്ഞും സാംസ്‌കാരിക പ്രഭാഷകനായ എം ജെ ശ്രീചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോധ്യം എനിക്കുണ്ട്. അതുകൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും കലേഷിന് ഇപ്പോഴനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നുവെന്നാണ് ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ദീപാ നിശാന്തും എം ജെ ശ്രീചിത്രനും മാപ്പ് പറയുന്നുണ്ടെങ്കിലും കവിത മോഷ്ടിക്കപ്പെട്ടത് ശരിയാണെന്നോ, എങ്ങനെയാണ് ഇത്തരത്തില്‍ വിവാദങ്ങള്‍ക്കിടയാക്കുന്ന കവിത പ്രസിദ്ധീകരിക്കപ്പെട്ടതെന്നതിനെക്കുറിച്ചോ ഇരുവരും വ്യക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

Latest